പിക്കാക്‌സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും; ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്‌സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ ഭീഷണി.
അഞ്ച് മാസമായി ആക്രമണം തുടരുന്നു. ഈ അഞ്ച് മാസത്തിനുള്ളില്‍ ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ക്ക് ആണവായുധം ലഭിക്കില്ല; അതാണ് ഞങ്ങള്‍ സാധ്യമാക്കിയത് – ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തിന് ആക്രമണ ഭീഷണിയുണ്ടെന്ന് തോന്നിയാല്‍ അമേരിക്കക്കെതിരെ മുന്‍കരുതല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

അതിനിടെ, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കിയിലെ ഗോള്‍ഡന്‍ ഗ്ലോബല്‍ ബാങ്കിനെതിരെ അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തി. ഇതാദ്യമായാണ് നാറ്റോ സഖ്യകക്ഷിയില്‍ ഉള്‍പ്പെട്ട രാജ്യത്തുള്ള ബാങ്കിനെ അമേരിക്ക ഉപരോധ പട്ടികയില്‍ പെടുത്തുന്നത്.

അതേസമയം, ആയുധക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോയതില്‍ പെന്റഗണ്‍ അമ്പതോളം സൈനിക ജോയിന്റ് സ്റ്റാഫ് അംഗങ്ങളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവരം ചോര്‍ന്നത് ഗൗരവമേറിയ സംഭവമെന്നും, അന്വേഷണം തുടരുകയാണെന്നും പെന്റഗണ്‍ വക്താവ് സീന്‍ പര്‍നെല്‍ പറഞ്ഞു.

അതിനിടെ, പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ ഘടനയ്ക്കുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനത്തെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബാഫ് സ്വാഗതം ചെയ്തു

Scroll to Top