ജനകീയ ആവശ്യങ്ങളുമായി എം.എല്‍.എയ്ക്ക് നിവേദനം നല്‍കി 13-ാം വാര്‍ഡ് മെമ്പര്‍ ഹനീഫ് കടപ്പുറം
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ പ്രധാന പ്രവേശന കവാടവും ഹൃദയഭാഗവുമായ ചൗക്കി ജംഗ്ഷനിലും ചൗക്കി-ഉളിയത്തടുക്ക റോഡിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്, 13-ാം വാര്‍ഡ് മെമ്പര്‍ ഹനീഫ് കടപ്പുറം, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ കലട്ര മാഹിന്‍ എം.എല്‍.എയ്ക്ക് വിശദമായ നിവേദനം നല്‍കി.
ദിവസേന നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡായ ചൗക്കി-ഉളിയത്തടുക്ക റോഡില്‍ ഗതാഗത തിരക്ക് വര്‍ധിച്ചുവരികയാണ്. റോഡിന്റെ നിലവിലെ വീതി വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഗതാഗതത്തിന് പര്യാപ്തമല്ലാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ റോഡ് ആവശ്യമായ രീതിയില്‍ വീതികൂട്ടി ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ റോഡിന്റെ പല ഭാഗങ്ങളിലും ഡ്രൈനേജ് സംവിധാനം അപര്യാപ്തമായതും, നിലവിലുള്ള ഡ്രൈനേജുകളില്‍ പല സ്ഥലങ്ങളിലും സ്ലാബുകള്‍ സ്ഥാപിക്കാത്തതും പ്രദേശവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയ പ്രയാസവും അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്. സ്ലാബില്ലാത്ത ഡ്രൈനേജുകള്‍ക്ക് അടിയന്തരമായി സ്ലാബ് സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് അക്കരക്കുന്ന് മുതല്‍ ആസാദ് നഗര്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് സമഗ്രമായ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും, മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും റോഡിലൂടെയുള്ള യാത്രാ ദുരിതങ്ങളും ഒഴിവാക്കാന്‍ ശാശ്വതമായ പരിഹാരം കാണണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
അതോടൊപ്പം അര്‍ജാല്‍ റോഡ് ജംഗ്ഷനില്‍ കാവില്‍ റോഡിന് സമീപം എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് ആവശ്യമായ വെളിച്ചമില്ലാത്തത് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് സ്ട്രീറ്റ് ലൈറ്റിനായുള്ള ആവശ്യം ഉന്നയിച്ചത്.
വാര്‍ഡിലെ റോഡ്, ഡ്രൈനേജ്, തെരുവുവിളക്ക് തുടങ്ങി ജനങ്ങള്‍ നേരിടുന്ന വിവിധ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണണമെന്ന് എം.എല്‍.എയോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ദൈനംദിന യാത്രാ ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കി, അതിന് പരിഹാരം കാണുന്നതിനുള്ള ഇടപെടലുകള്‍ ശക്തമാക്കുക എന്നതാണ് ലക്ഷ്യം.
വാര്‍ഡിന്റെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും വേണ്ടി തുടര്‍ന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് 13-ാം വാര്‍ഡ് മെമ്പര്‍ ഹനീഫ് കടപ്പുറം അറിയിച്ചു.




