‘സുസുകി കപ്പ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മത്സരം ജപ്പാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ്.
ടോക്കിയോ: ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാന്‍ ക്രിക്കറ്റ് അസോസിയേഷന്‍. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സീനിയര്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയും ജപ്പാനും മുഖാമുഖം വരുന്നത്. പരിചയസമ്പന്നനായ ബാറ്റര്‍ കെന്‍ഡല്‍ കഡോവാക്കി-ഫ്‌ലെമിംഗ് ആണ് ജപ്പാന്‍ നയിക്കുക. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പോരാട്ടം സെപ്റ്റംബര്‍ 22-ന് ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുക.
‘സുസുകി കപ്പ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മത്സരം ജപ്പാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ്. ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ കെന്‍ഡല്‍ കഡോവാക്കി ഫ്‌ലെമിംഗിന്റെ പരിചയസമ്പത്തിലാണ് ജപ്പാന്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. 55 ടി20 മത്സരങ്ങളില്‍ നിന്ന് 38.18 ശരാശരിയിലും 139.41 സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തിയും 1,871 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കരിയര്‍. 114 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമുള്ള ‘സ്‌പോര്‍ട്‌സ് 75’ പദ്ധതിയുടെ ഉദ്ഘാടന മത്സരമായിട്ടാണ് ഈ ടി20 പോരാട്ടം സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കായികബന്ധം ശക്തമാക്കുന്നതിനൊപ്പം 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കായിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.




