പ്രധാനമന്ത്രി മോദിയുടെ വഡോദരയിലെ പരിപാടിക്ക് സീറ്റ് കിട്ടാനില്ല; ബുക്ക് മൈ ഷോയില്‍ 42,000ത്തിലേറെ പേര്‍ വെയ്റ്റിംഗ്

പ്രധാനമന്ത്രിയുടെ ഒരു പൊതുപരിപാടിയിലേക്ക് ബുക്ക്മൈഷോ വഴി സൗജന്യ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത് ഇതാദ്യമായാണ്

വഡോദരയില്‍ ചൊവ്വാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിയിലേക്കുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തു. നിലവില്‍ 42,000ത്തിലധികം പേര്‍ കാത്തിരിപ്പ് പട്ടികയിലുണ്ട്. പ്രധാനമന്ത്രിയുടെ ഒരു പൊതുപരിപാടിയിലേക്ക് ബുക്ക്മൈഷോ വഴി സൗജന്യ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത് ഇതാദ്യമായാണ്.
‘നമോ ഫോര്‍ വികസിത് ഭാരത്’ എന്ന പേരിലുള്ള പരിപാടി ചൊവ്വാഴ്ച മഹാരാജ സയാജിറാവു സര്‍വകലാശാല പവിലിയനിലാണ് നടക്കുന്നത്. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി പൗരന്മാര്‍, വിദ്യാര്‍ഥികള്‍, പ്രഫഷണലുകള്‍, അധ്യാപകര്‍, സംരംഭകര്‍, വ്യവസായ പ്രതിനിധികള്‍, സിവില്‍ സമൂഹാംഗങ്ങള്‍ എന്നിവരെ ഒരുമിച്ചുകൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യം.
ഒരു മണിക്കൂറിനുള്ളില്‍ സീറ്റുകള്‍ നിറഞ്ഞു
പരിപാടിയുടെ രജിസ്‌ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമായ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിങ് പൂര്‍ത്തിയായി. തുടര്‍ന്ന് 42,000ത്തിലധികം അപേക്ഷകരെ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി. പിന്നീട് രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിപ്പിച്ചു.

Scroll to Top