Home Kerala ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതല്‍ രാപകല്‍ സമര യാത്ര

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതല്‍ രാപകല്‍ സമര യാത്ര

by KCN CHANNEL
0 comment

ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുന്‍പിലെ രാപകല്‍ അതിജീവന സമരത്തോടൊപ്പം, സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തില്‍ ആശമാരുടെ രാപകല്‍ സമര യാത്ര ആരംഭിക്കും. മെയ് 5 മുതല്‍ കാസര്‍കോട് നിന്നും ആരംഭിച്ച് ജൂണ്‍ 17 തിരുവനന്തപുരത്ത് യാത്ര സമാപിക്കും. രണ്ടോ മൂന്നോ ദിവസങ്ങള്‍ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളില്‍ സെക്രട്ടേറിയേറ്റിനു മുമ്പിലെ രാപകല്‍ സമരത്തിന് സമാനമായി തെരുവുകളില്‍ തന്നെ അന്തിയുറങ്ങും. യാത്രയെ KAHWA ജനറല്‍ സെക്രട്ടറി എം എ ബിന്ദു ആയിരിക്കും നയിക്കുക. ലോക തൊഴിലാളി ദിനത്തില്‍ യാത്ര സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ, അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് കൊണ്ടാണ് സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ പ്രത്യേകിച്ച്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സ്ഥാപിച്ചെടുക്കാന്‍ ജനാധിപത്യവിരുദ്ധ സംസ്‌കാരം പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ മുമ്പില്‍ നടത്തുന്ന ഈ സമരയാത്രയെ പൊതുസമൂഹം നിസ്സീമമായി സഹായിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് എം എ ബിന്ദു വ്യക്തമാക്കി.

ഓരോ ജില്ലകളിലും തങ്ങളെ പിന്തുണയ്ക്കുന്ന നൂറുകണക്കിനുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, വ്യക്തികള്‍, മത-സമുദായിക വ്യക്തിത്വങ്ങള്‍, വിവിധതലത്തിലുള്ള ജനപ്രതിനിധികള്‍, തൊഴിലാളികള്‍, യുവാക്കള്‍ തുടങ്ങിയവരൊക്കെ മുന്‍കൈയെടുത്തുകൊണ്ട് സമരയാത്രയെ സ്വീകരിക്കുവാന്‍ ജില്ലാതല സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. 14 ജില്ലകളിലെയും വിവിധ നഗരങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 45 ദിവസങ്ങള്‍ യാത്ര ചെയ്തു സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ എത്തിച്ചേരുമ്പോള്‍ സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ സമരയാത്രയില്‍ അണിചേരും.

You may also like

Leave a Comment