2024-ല്‍ ജാര്‍ഖണ്ഡ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത് തന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായെന്ന് ഇഷാന്‍ കിഷന്‍. ഈ ഉത്തരവാദിത്തം തന്നെ കൂടുതല്‍ ശാന്തനാക്കിയെന്നും ദുലീപ് ട്രോഫി ഫൈനലിലെ കൂറ്റന്‍ സെഞ്ചുറിക്ക് ശേഷം അദ്ദേഹം വെളിപ്പെടുത്തി. ബിസിസിഐ കരാര്‍ നഷ്ടമായ ശേഷം ആഭ്യന്തര ക്രിക്കറ്റിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.
ചെന്നൈ: 2024-ല്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത് ക്രിക്കറ്റ് താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതായി ഇഷാന്‍ കിഷന്‍. നായകസ്ഥാനം നല്‍കിയ ഉത്തരവാദിത്തം തന്നില്‍ കൂടുതല്‍ ശാന്തത കൈവരിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ?
ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനായി 270 റണ്‍സ് നേടുന്ന മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു 28-കാരനായ ഇഷാന്‍. ബിസിസിഐ കരാര്‍ നഷ്ടമായ ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ജാര്‍ഖണ്ഡിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ഇതിന് ശേഷം ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലേക്ക് തിരിച്ചെത്താനും അദ്ദേഹത്തിന് സാധിച്ചു. ?നായകസ്ഥാനം ടീമിലെ എല്ലാ കളിക്കാരെയും കൃത്യമായി ശ്രദ്ധിക്കാനും സഹായിക്കാനും തന്നെ പഠിപ്പിച്ചതായി കിഷന്‍ വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിനായി വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്തുക എന്നതിനായിരുന്നു താന്‍ മുന്‍ഗണന നല്‍കിയതെന്നും, ആക്രമിച്ചു കളിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും വിക്കറ്റ് കാത്തുസൂക്ഷിക്കാന്‍ നിയന്ത്രണത്തോടെ ബാറ്റ് വീശിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ഇഷാന്‍ കിഷന്‍. അരുണ്‍ ലാല്‍ (1986-87ല്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍), സബാ കരീം (1995-96) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഈസ്റ്റ് സോണ്‍ താരങ്ങള്‍. ഇതുകൂടാതെ, ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ബാറ്ററെന്ന അപൂര്‍വ്വ നേട്ടവും ഇഷാന്‍ സ്വന്തമാക്കി. രമണ്‍ ലാംബ, യശസ്വി ജയ്സ്വാള്‍, ചേതേശ്വര്‍ പൂജാര, അന്‍ഷുമാന്‍ ഗെയ്ക്വാദ്, യൂസഫ് പത്താന്‍ എന്നിവരാണ് ഫൈനലില്‍ മുമ്പ് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള മറ്റ് താരങ്ങള്‍.




