പശ്ചിമേഷ്യയില്‍ അടിയും തിരിച്ചടിയും; രണ്ട് അമേരിക്കന്‍ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ച് ഇറാന്‍

പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം. രണ്ട് അമേരിക്കന്‍ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഇറാന്‍. അഞ്ച് ഇറാനിയന്‍ കപ്പലുകള്‍ അമേരിക്കന്‍ സേന ആക്രമിച്ചതിന് പിന്നാലെ ജോര്‍ദാനിലെ യുഎസ് സേനാത്താവളത്തില്‍ തിരിച്ചടിച്ച് ഇറാന്‍. 27 ഇറാനിയന്‍ എയര്‍ലൈനുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കന്‍ പിന്തുണയോടെ ബദല്‍ കപ്പല്‍ ചാലുകളിലൂടെ പോയ 10 കപ്പലുകള്‍ക്ക് നേരെയും ആക്രമണം. സംഘര്‍ഷം രൂക്ഷമായതോടെ ആഗോള വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ബാരലിന് 99.49 ഡോളറായി.

സൗദിയുടെ നാല് നഗരങ്ങളില്‍ ആക്രമിച്ചതിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദിയും യെമനിലെ സര്‍ക്കാര്‍ സേനയും തിരിച്ചടിക്കുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ നാല് എണ്ണക്കപ്പലുകളും ഖാര്‍ഗ് ദ്വീപില്‍ ഒരു എണ്ണക്കപ്പലുമാണ് അമേരിക്ക തകര്‍ത്തത്. ഇറാന്‍ അമേരിക്കയുടെ പടക്കപ്പല്‍ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ്. ജോര്‍ദാനിലെ അമേരിക്കയുടെ സൈനിക താവളത്തിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം നടത്തി.

കുവൈറ്റ്, ബഹ്‌റൈന്‍ തുറമുഖങ്ങള്‍ക്ക് സമീപമുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. എല്ലാ കപ്പലുകളിലെയും ജീവനക്കാരെ ഒഴിപ്പിക്കാന്‍ ഇറാന്‍ ആവശ്യപ്പെട്ടു. അതിനിടെ, ഇറാന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്ന 36 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു.

Scroll to Top