ഡല്‍ഹി: കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. പിജികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വാടക തുകക്ക് പരിധി നിശ്ചയിക്കും. സി സി ടി വി ക്യാമറകള്‍ നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശം. 15 ലധികം വിദ്യാര്‍ത്ഥികള്‍ ഉള്ള പിജികള്‍ക്ക് രാത്രി സെക്യൂരിറ്റിയെ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് പിജി നടത്തിപ്പുകാരന്‍ സുധാന്‍ഷു അറസ്റ്റില്‍.
ഒളിവിലുള്ള മറ്റൊരു നടത്തിപ്പുകാരനായി അന്വേഷണം തുടരുന്നു. അധികൃത അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ട്രാക്ടര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഡല്‍ഹി സത്യനികേതനിലെ കെട്ടിട ദുരന്തത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ ദേശീയ മനുഷ്യവാകാശ കമ്മീഷന്‍. ഡല്‍ഹി സര്‍ക്കാരിനോടും യുജിസിയോടും ഡല്‍ഹിയിലെ ഹോസ്റ്റല്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ഇന്നലെ കമ്മീഷന്‍ ആവശ്യപ്പെട്ടു. കമീഷന്‍ അംഗം പ്രിയാങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
അതേസമയം സത്യനികേതന്‍ കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വ്യാപക സുരക്ഷാ പരിശോധനയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. സത്യനികേതന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി പി.ജി കേന്ദ്രങ്ങളിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ ഘടനാ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കും പി.ജി താമസകേന്ദ്രങ്ങള്‍ക്കും പ്രത്യേക സുരക്ഷാ നയം കൊണ്ടുവരുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്.




