കാസര്‍ഗോഡ് എജു കോണ്‍ക്ലേവ് ഫസ്റ്റ് എഡിഷന്‍ സെപ്റ്റംബര്‍ 12ന്

കാസര്‍ഗോഡ് ജില്ലയിലെ വളര്‍ന്നുവരുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും സര്‍ഗാത്മക, ബൗദ്ധിക കഴിവുകള്‍ വികസിപ്പിക്കുകയും, വിദ്യാഭ്യാസ അവസരങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഥമ കാസര്‍ഗോഡ് എജു കോണ്‍ക്ലേവ് ഈ വരുന്ന സെപ്റ്റംബര്‍ 12ന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കും.ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കുന്ന 150 വിദ്യാര്‍ത്ഥികളാണ് എജു കോണ്‍ക്ലേവില്‍ പങ്കെടുക്കുക. ഓരോ വിദ്യാര്‍ത്ഥിയുടെ കൂടെ ഒരു രക്ഷിതാവും കോണ്‍ക്ലേവില്‍ പങ്കെടുക്കും. മത്സരപരീക്ഷ ,ആരോഗ്യം, സിനിമ, ഓപ്പറേഷന്‍ തൂഫാന്‍, ടൂറിസം, ഇന്നൊവേറ്റീവ് കാസര്‍ഗോഡ്,ലീഡേഴ്സ് മീറ്റ് തുടങ്ങി 7 സെഷനുകളിലായി പ്രഗത്ഭരായ വ്യക്തികള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. കാസര്‍ഗോഡ് എസ്.പി നിതിന്‍ രാജ് ഐപിഎസ്, നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്‍, പ്രമുഖ ട്രാവല്‍ വ്‌ലോഗര്‍ പി ടി മുഹമ്മദ്,ഗായകന്‍ അരുണ്‍ ആലാട്ട്, സിനി ആര്‍ട്ടിസ്റ്റ് ഉണ്ണി രാജ് ചെറുവത്തൂര്‍ , കരിയര്‍ പരിശീലകന്‍ ഡോ. ശാഹുല്‍ നൂറാനി തുടങ്ങിയ പ്രമുഖര്‍ എജു കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ജില്ലയിലെ സാധ്യതകള്‍ക്കനുസരിച്ച് ആവശ്യമായ മനുഷ്യവിഭവം ജില്ലയില്‍ നിന്നുതന്നെ വളര്‍ത്തിയെടുക്കേണ്ടത് ഇന്നത്തെ പ്രധാന ആവശ്യമായി മാറിയിരിക്കുകയാണെന്നും വിദ്യാഭ്യാസ മേഖലയില്‍ ജില്ലയുടെ ചരിത്രത്തിലെ തന്നെ ഒരു മികച്ച ചുവടുവെപ്പായി കാസര്‍ഗോഡ് എജു കോണ്‍ക്ലേവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലയുടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന സ്വയംപര്യാപ്ത സമൂഹത്തെ രൂപപ്പെടുത്തുന്നതിനും പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും എജു കോണ്‍ക്ലേവ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക പറഞ്ഞു. എജു കോണ്‍ക്ലേവിനോടനുബന്ധിച്ച് ‘കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ ഒരു പഠനം നടത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും സംഘാടകര്‍ പറഞ്ഞു. കാസര്‌ഗോഡിനൊരിടം ,വിന്‍ടച്ച് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ദി കാസര്‍ഗോഡ് ന്യൂറോ എന്നിവര്‍ ചേര്‍ന്നാണ് എജു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

കാസര്‍ഗോഡ് എജു കോണ്‍ക്ലേവ് ചെയര്‍മാന്‍ ഡോ, മുഹമ്മദ് ഷമീം കട്ടത്തടുക്ക , ഓര്‍ഗനൈസിംഗ് സെക്രട്ടറി ജുബൈര്‍, സംഘാടക സമിതി പ്രതിനിധി മുഹമ്മദ് മുസ്തഫ ,ഡോ. ഫാത്തിമത്ത് മുഹ്‌സിന തെരുവത്ത്, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. സെപ്റ്റംബര്‍12ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന എജു കോണ്‍ക്ലേവ്
വൈകുന്നേരം 5 മണിക്ക് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8129445899 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Scroll to Top