ഇറാനുമായി ചര്‍ച്ചകള്‍ക്ക് സാധ്യത; US ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുദ്ധം അവസാനിക്കും: ട്രംപ്

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാനുമായി ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നവംബറിലെ യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സിരിക്കിലും ഖഷാം ദ്വീപിലും മിനാബ് കൗണ്ടിയിലും മിസൈലുകള്‍ പതിച്ചതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവ പരിശോധനകള്‍ക്ക് തയാറാകാത്ത ഇറാനെ ഐക്യരാഷ്ട്ര സഭാ രക്ഷാ കൗണ്‍സിലിന് റഫര്‍ ചെയ്യാനുള്ള പ്രമേയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പാസാക്കി.

യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് പ്രമേയം തയാറാക്കിയത്. ചൈനയും റഷ്യയും ഇറാനും പ്രമേയത്തെ എതിര്‍ത്തു. പ്രമേയം ഇരട്ടത്താപ്പാണെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് തുടരുമെന്നും ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫ് പറഞ്ഞു. ഇറാനിലെ ചബഹാര്‍ മുതല്‍ ഒമാന്‍ ഉള്‍ക്കടലിന്റെയും അറേബ്യന്‍ കടലിന്റെയും ഭാഗങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന ഒരു നിയന്ത്രിത മേഖല ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.

നിയന്ത്രിത മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഐ ആര്‍ ജി സി വ്യക്തമാക്കി. യെമനിലെ ഹൂതികള്‍ക്കെതിരെ പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ ആക്രമണം തുടര്‍ന്നാല്‍ മെക്ക പ്രതിരോധ ഉടമ്പടി പ്രകാരം സൗദിയെ സഹായിക്കുമെന്ന് നേരത്തെ പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു.

Scroll to Top