ചെര്‍ക്കള റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു. മേഘ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ എന്‍എച്ച് 66 ഉപരോധിച്ചു

? ചെര്‍ക്കള: വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തി ഇനിയും പൂര്‍ത്തീകരിക്കാത്ത ചെര്‍ക്കള ഹൈവേ സെക്കന്‍ഡറി റീച്ച് റോഡിന്റെ നിര്‍മ്മാണം ഇനിയും വൈകിപ്പിക്കുകയും നിരന്തരമായി കരാര്‍ ലംഘനം നടത്തുകയും ചെയ്യുന്ന മേഘ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും അലംഭാവത്തിനെതിരെയും ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ ഹൈവേ റോഡ് ഉപരോധം സംഘടിപ്പിച്ചു.
?ചെര്‍ക്കള ഹൈവേയുടെ ഭാഗമായ സെക്കന്‍ഡറി റോഡിന്റെ പണി തുടങ്ങി നാല് വര്‍ഷം പിന്നിട്ടിട്ടും ഇനിയും യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളില്‍ ഞങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്വം ഇല്ല എന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ്. ചെര്‍ക്കള ടൗണിലും ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മഴ പെയ്യുമ്പോള്‍ ചെര്‍ക്കള ടൗണിലും പരിസരപ്രദേശങ്ങളിലും വലിയ രീതിയില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യ സഞ്ചാര പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ നിരന്തരമായി ചൂണ്ടിക്കാണിച്ചിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ല. ജില്ലയിലെ ഉയര്‍ന്ന ഭരണ കേന്ദ്രങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ പോലും നിരന്തരമായി ലംഘിക്കുന്നു. പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കപ്പെടുന്നില്ല.

മേഘ കമ്പനിയുടെ ഈ ഉദാസീന സമീപനമാണ് ചെര്‍ക്കള ടൗണിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴുണ്ടായ തീരാദുരിതത്തിന്റെ കാരണം. തിരക്കേറിയ ചെര്‍ക്കള ടൗണിലെ സര്‍വീസ് റോഡുകള്‍ കൂടി തകര്‍ന്നു തരിപ്പണമായതോടെ ഇതുവഴിയുള്ള യാത്രാക്ലേശവും പൊടിശല്യവും കാരണം പ്രദേശവാസികളും വ്യാപാരികളും വിദ്യാര്‍ത്ഥികളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. പരിസരപ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരും പിഞ്ചുകുട്ടികളും ഇതുമൂലം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ
?റോഡ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് ഭരണസമിതി ഹൈവേ ഉപരോധത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വസന്തന്‍ അജക്കോട് മുന്നറിയിപ്പ് നല്‍കി. ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മെമ്പര്‍ ഹാരിസ് തായല്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷുക്കൂര്‍ ചെര്‍ക്കളം ഇഖ്ബാല്‍ ചേറൂര്‍ ശാന്തകുമാരി ടീച്ചര്‍ , പഞ്ചായത്ത് ജനപ്രതിനിധികളായ സി വി കൃഷ്ണന്‍, ജയകുമാരി ,റിസ്വാന മഹറൂഫ് , സാഹിറ മജീദ്, മാഹിന്‍ ആലംപാടി, മുഹമ്മദ് ഹനീഫ, അബൂബക്കര്‍ കരുമാനം, മഹ്‌മൂദ് എരുതുംകടവ്, ഹമീദ് നെക്കര ശിഹാബ് റഹ്‌മാനിയ നഗര്‍, ഇബ്രാഹിം കൊയര്‍കൊച്ചി, ആയിഷ ചെങ്കള, അനീസ ഇബ്രാഹിം, ഷൈലജ എന്നിവര്‍ റോഡ് ഉപരോധത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ, വ്യാപാര സംഘടനകളും പൊതുജനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പങ്കാളികളായി.

Scroll to Top