പശ്ചിമേഷ്യയില്‍ സമാധാനം അകലെ; ജിസിസി രാജ്യങ്ങളും ഇറാനും തമ്മില്‍ ഒമാനില്‍ നടക്കേണ്ട ചര്‍ച്ച മാറ്റിവെച്ചു

ഹോര്‍മുസിലെ കപ്പല്‍ ഗതാഗതം സംബന്ധിച്ച് ഇന്ന് ഒമാനില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഇറാന്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റി വെച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയത്. ചര്‍ച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ചര്‍ച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം. ചര്‍ച്ച മാറ്റിവെച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഇറാന്റെ ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്ക് സ്ഥിരീകരിക്കാതെ അമേരിക്ക. അക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഹൂതി ആക്രമണത്തില്‍ സൗദിയിലെ എണ്ണ പൈപ്പ് ലൈന്‍ തകര്‍ന്നതോടെ ആഗോള എണ്ണ വില ഉയര്‍ന്നു.

Scroll to Top