ഹോര്‍മൂസിന് പിന്നാലെ ബാബ് അല്‍ മന്ദബും അടയ്ക്കുമോ? കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ച് ഹൂതികള്‍, കരയില്‍ ട്രഞ്ചുകളും; ആശങ്ക അറിയിച്ച് ഇന്ത്യ

കടലിടുക്കില്‍ ഹൂതികള്‍ മൈനുകള്‍ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കരയില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ ക്രമസമാധാന തകര്‍ച്ചയിലും കപ്പല്‍ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ജിബൂട്ടി: സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങള്‍ ബാബ് അല്‍ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും പശ്ചിമേഷ്യന്‍ മേഖലയുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അല്‍ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയില്‍ ലോക രാജ്യങ്ങള്‍. കടലിടുക്കില്‍ ഹൂതികള്‍ മൈനുകള്‍ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കരയില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ ക്രമസമാധാന തകര്‍ച്ചയിലും കപ്പല്‍ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. വ്യാപാര ആവശ്യങ്ങള്‍ക്കായി ഈ ജലപാതയെ വന്‍തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘര്‍ഷങ്ങള്‍ സാമ്പത്തികമായും കപ്പല്‍ ഗതാഗതപരമായും വലിയ തിരിച്ചടിയാണ്. സമുദ്ര പാതകള്‍ സുരക്ഷിതമാക്കാന്‍ ലോകം ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടു. ജലപാതകള്‍ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടര്‍ പ്രതികരിച്ചു.

ഹോര്‍മുസ് അടഞ്ഞതിന്റെ കെടുതികള്‍ ലോകം അനുഭവിക്കുകയാണ്. സമുദ്ര പാതകള്‍ സുരക്ഷിതമാക്കാന്‍ ലോകം ഒന്നിക്കണം. സമാധാന ശ്രമങ്ങള്‍ക്ക് കിട്ടുന്ന ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ബാബ് അല്‍ മന്‍ദബ് കൂടി അടച്ചാല്‍ താങ്ങാനാകില്ലെന്നും ഖത്തര്‍ പറയുന്നു. അതിനിടെ ഭൂഗര്‍ഭ ആണവ നിലയങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഇറാന്‍ നീക്കം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കാന്‍ എന്നാണ് വിശദീകരണം.

Scroll to Top