ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

ടീം മാനേജ്മെന്റിനും ക്യാപ്റ്റനും സെലക്ടര്‍മാര്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് സഞ്ജു വ്യക്തമാക്കി. എല്ലാവരും മികച്ച രീതിയില്‍ ഫോമിലുള്ളപ്പോള്‍ ആരെ ഒഴിവാക്കണം എന്നത് കടുത്ത തീരുമാനമാണ്.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ 22 പന്തില്‍ 57 റണ്‍സ് അടിച്ച് കൂട്ടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെ ഓപ്പണര്‍ സ്ഥാനത്തേക്ക് കൗമാരതാരം വൈഭവ് സൂര്യവംശിയുമായും അഭിഷേക് ശര്‍മയുമായുള്ള മത്സരത്തെക്കുറിച്ച് മനസു തുറന്ന് സഞ്ജു സാംസണ്‍. സ്ഥിരതയില്ലായ്മയുടെ പേരില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും, ടീമിലെ സ്ഥാനത്തെക്കുറിച്ചുമാണ് സഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയത്.

2015-ല്‍ അരങ്ങേറ്റം കുറിച്ച് 11 വര്‍ഷത്തെ കരിയറിനിടയില്‍ 68 ടി20 മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു കരിയറിലുടനീളം നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. ടി20 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിട്ട് പോലും തൊട്ടടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വന്നിരുന്നു. പരാജയങ്ങള്‍ക്ക് ശേഷം ടീമില്‍ തുടരുക എന്നത് ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റര്‍ക്കും വലിയ വെല്ലുവിളിയാണെന്ന് സഞ്ജു അഭിപ്രായപ്പെട്ടു.

ചില മത്സരങ്ങളില്‍ പരാജയപ്പെടുമ്പോള്‍ അത് നിങ്ങളെ മാനസികമായി ബാധിക്കും. എന്നാല്‍ അവിടെയാണ് എന്റെ അനുഭവസമ്പത്ത് തുണയ്ക്കുന്നത്. പുറത്തുനിന്നുള്ള വിമര്‍ശനങ്ങളെയും ശബ്ദങ്ങളെയും പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വീണ്ടും പരാജയപ്പെട്ടാല്‍ വിമര്‍ശനങ്ങള്‍ ഇനിയും വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആക്രമിച്ചു കളിക്കുക എന്നതാണ് പ്രധാനം. രാജ്യത്തിനായി കളിക്കുമ്പോള്‍ പരമാവധി റണ്‍സ് കണ്ടെത്തി സംഭാവന നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം- സഞ്ജു പറഞ്ഞു.

അഭിഷേക് ശര്‍മ്മ, 15-കാരന്‍ വൈഭവ് സൂര്യവംശി എന്നിവരുമായി ഓപ്പണിംഗ് സ്ഥാനത്തിനായി നടക്കുന്ന മത്സരത്തെക്കുറിച്ച് വളരെ പോസിറ്റീവായാണ് സഞ്ജു സംസാരിച്ചത്. ടീം മാനേജ്മെന്റിനും ക്യാപ്റ്റനും സെലക്ടര്‍മാര്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് സഞ്ജു വ്യക്തമാക്കി. എല്ലാവരും മികച്ച രീതിയില്‍ ഫോമിലുള്ളപ്പോള്‍ ആരെ ഒഴിവാക്കണം എന്നത് കടുത്ത തീരുമാനമാണ്. ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിച്ച ആളെന്ന നിലയില്‍ ഈ തീരുമാനങ്ങളുടെ ബുദ്ധിമുട്ട് എനിക്ക് കൃത്യമായി അറിയാം.

പ്രതിഭാ ധാരളിത്തമുള്ള ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. ഐപിഎല്ലില്‍ 700-ഓളം റണ്‍സ് നേടിയ 15 വയസുകാരനായ ഒരു താരത്തിന് ടീമില്‍ അവസരം നല്‍കേണ്ടത് അനിവാര്യമായിരുന്നു. അന്നത്തെ പരമ്പരയ്ക്ക് മുമ്പ് അവന്‍ മികച്ച ഫോമിലായിരുന്നു. ആ സമയത്ത് ഞാന്‍ രണ്ട് മൂന്ന് കളികളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ടായിരുന്നില്ല. ഒരു നായകന്‍ എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ അന്നത്തെ തീരുമാനം തികച്ചും ന്യായമായിരുന്നു. സഞ്ജു പറഞ്ഞു. പുറത്തുള്ളവര്‍ക്ക് തങ്ങള്‍ പരസ്പരം മത്സരിക്കുന്നവരായി തോന്നാമെങ്കിലും, ടീമില്‍ എല്ലാവരും രാജ്യത്തിന്റെ വിജയത്തിനായാണ് കളിക്കുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ രാജ്യത്തിന്റെ വിജയത്തിനാണ് മുന്‍ഗണനയെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാര്‍ക്ക് കൃത്യമായ വ്യക്തത നല്‍കാന്‍ ടീം മാനേജ്മെന്റുമായുള്ള ആശയവിനിമയം ഏറെ സഹായിക്കുമെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി ഇത്തരം വിഷയങ്ങളില്‍ നിരന്തരം സംസാരിക്കാറുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി. എല്ലാവരെയും സന്തോഷിപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമാണെന്നും, എന്നാല്‍ ടീമിന്റെ നന്മയ്ക്കായി കടുത്ത തീരുമാനങ്ങളെടുക്കുന്ന മാനേജ്മെന്റിന്റെ നിലപാടിനെ അഭിനന്ദിക്കണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Scroll to Top