കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് കുമ്പള ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണ രീതിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. പൊതുജനങ്ങളും, വ്യാപാരികളും,നേരിട്ട പരാതികള്‍ ചര്‍ച്ചചെയ്യാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ട്രാഫിക് പരിഷ്‌കരണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം പഴയ ബസ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കാനും, കയറ്റാനും സംവിധാനം ഉണ്ടാക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യോഗം പ്രഹസനമാക്കി പൊതുജനങ്ങളുടെയും, വ്യാപാരികളുടെയും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും നിര്‍ദ്ദേശങ്ങള്‍ ചെവി കൊള്ളാതെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണവുമായി പഞ്ചായത്ത് ഭരണസമിതിയും, പോലീസ് അധികാരികളും മുന്നോട്ടു പോവുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് കമ്മിറ്റി.
പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കിയ നിവേദനത്തിന് പരിഹാരം കാണാത്തപക്ഷം 2025 നവംബര്‍ ആദ്യവാരം കുമ്പളയില്‍ കടകളടച്ച് ഹര്‍ത്താല്‍ സംഘടിപ്പിക്കാനും, കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുമാണ് വ്യാപാരികളുടെ തീരുമാനമെന്ന് പ്രസിഡണ്ട് രാജേഷ് മനയത്ത്, സെക്രട്ടറി സത്താര്‍ ആരിക്കാടി എന്നിവര്‍ അറിയിച്ചു.




