ലക്ഷ്യം വൈറ്റ്വാഷ്, അഫ്ഗാനെതിരെ അവസാന ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുന്നു, ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; സഞ്ജു തുടരും

അഫ്ഗാന്‍ ബാറ്റര്‍മാര്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തുന്നുണ്ടെങ്കിലും, കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ നിയന്ത്രിക്കാന്‍ അവരുടെ ലോകോത്തര സ്പിന്‍ നിരയ്ക്ക് കഴിയാത്തതാണ് പ്രധാന വെല്ലുവിളി.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് കളികളിലും ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടിയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നതെങ്കിലും ഇന്ത്യയെ കീഴടക്കുക അവര്‍ക്ക് എളുപ്പമാവില്ല.

അഫ്ഗാന്‍ ബാറ്റര്‍മാര്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തുന്നുണ്ടെങ്കിലും, കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ നിയന്ത്രിക്കാന്‍ അവരുടെ ലോകോത്തര സ്പിന്‍ നിരയ്ക്ക് കഴിയാത്തതാണ് പ്രധാന വെല്ലുവിളി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ക്രീസിലുറയ്ക്കുകയും ബൗളര്‍മാര്‍ മികവിനൊത്ത് പന്തെറിയുകയും ചെയ്താല്‍ മാത്രമേ അഫ്ഗാനിസ്ഥാന് മത്സരത്തില്‍ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ഇന്ത്യ ബെഞ്ചിലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. യുവതാരം വൈഭവ് സൂര്യവന്‍ഷിക്ക് ഇന്ത്യന്‍ മണ്ണില്‍ ആദ്യമത്സരം കളിക്കാന്‍ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഇന്ത്യന്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍പ്പന്‍ പ്രഹരശേഷിയാണ് ആദ്യ രണ്ടു മത്സരങ്ങളിലും പുറത്തെടുത്തത്.എങ്കിലും വൈഭവിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്. വൈഭവ് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ അഭിഷേക് ശര്‍മയാകും പുറത്തിരിക്കുക. ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും. ബാറ്റിംഗ് നിരയില്‍ പിന്നാലെയെത്തുന്ന ഇഷാന്‍ കിഷന്‍, നായകന്‍ ശ്രേയസ് അയ്യര്‍, വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ്മ എന്നിവരും മികച്ച ഫോമിലാണ്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ബൗളിങ് മൂര്‍ച്ച കൂട്ടാന്‍ ഒരു അധിക ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കാനും സാധ്യതയുണ്ട്.

Scroll to Top