ചെറുവത്തൂര്‍, പയ്യങ്കിയില്‍ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ കവര്‍ന്ന സ്ത്രീ അറസ്റ്റില്‍; വീട്ടിനുപുറത്തു സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് സ്വര്‍ണ്ണം കവര്‍ന്നത് ബന്ധുവായ സ്ത്രീ
കാസര്‍കോട്: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സ്ത്രീ അറസ്റ്റില്‍. ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ ബിന്ദു (45)വിനെയാണ് ചന്തേര ഇന്‍സ്പെക്ടര്‍ പി. പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. കെ.പി സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മോഷണം പോയ മൂന്നര പവന്‍ സ്വര്‍ണ്ണം നീലേശ്വരത്തെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ നിലയില്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അറസ്റ്റിലായ ബിന്ദുവും പരാതിക്കാരിയായ ബിന്ദുവും ബന്ധുക്കളാണ്. പത്തു ദിവസം മുമ്പാണ് ചെറുവത്തൂര്‍, പയ്യങ്കിയിലെ വീട്ടില്‍ രാവിലെ 10നും വൈകുന്നേരം അഞ്ചര മണിക്കും ഇടയില്‍ കവര്‍ച്ച നടന്നത്. ഈ സമയത്ത് ബിന്ദു വീട് പൂട്ടി കാഞ്ഞങ്ങാട്, ആവിക്കരയിലെ ഭര്‍തൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടുപൂട്ടി പുറത്ത് മെഷീനു അടിയില്‍ വച്ച താക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കവര്‍ച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ മോഷ്ടാവ് വാതില്‍ പൂട്ടാതെ താക്കോല്‍ കിട്ടിയ സ്ഥലത്തു തന്നെ വച്ചാണ് തിരികെ പോയത്. ബിന്ദു വരുന്നതും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതാണ് പ്രതിയെ കുരുക്കിയത്.