മുന്‍പ് ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ ഉള്‍പ്പെടുത്തിയത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗംഭീര്‍ വെളിപ്പെടുത്തി.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. 15-കാരനായ ഈ യുവപ്രതിഭയ്ക്ക് ഇന്ത്യന്‍ ടീമില്‍ അടുത്ത അവസരം ലഭിക്കുന്നതിനായി കുറച്ചുസമയം കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീര്‍ പറഞ്ഞു. സിംബാബ്വെ പര്യടനത്തില്‍ 196.10 സ്‌ട്രൈക്ക് റേറ്റില്‍ 151 റണ്‍സ് നേടി ‘പ്ലെയര്‍ ഓഫ് ദി സീരീസ്’ ആയ തകര്‍പ്പന്‍ ഫോമിലാണ് വൈഭവ് അഫ്ഗാന്‍ പരമ്പരയ്‌ക്കെത്തിയത്. എന്നാല്‍ സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ വൈഭവിന് റിസര്‍വ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു. ഇത് ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. സെപ്റ്റംബര്‍ 17 വ്യാഴാഴ്ച നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും വൈഭവിന് അവസരം നല്‍കിയിരുന്നില്ല.
എന്തുകൊണ്ട് വൈഭവിന് പകരം സഞ്ജു?
മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനങ്ങളെ ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. മുന്‍പ് ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ ഉള്‍പ്പെടുത്തിയത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗംഭീര്‍ വെളിപ്പെടുത്തി. സഞ്ജു തന്റെ കഴിവ് എന്താണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ലോകകപ്പിലെ മികച്ച പ്രകടനം വെറുതെ ഉണ്ടാകുന്നതല്ല. ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കിയത് ഒരുപക്ഷേ എന്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ കളിക്കാരുടെ ഫോമിന് മുന്‍ഗണന നല്‍കേണ്ടി വരും. ടി20 ലോകകപ്പ് വിജയിച്ച അതേ ടീം കോമ്പിനേഷനിലേക്ക് തിരികെ പോകാനാണ് ഞാന്‍ ആഗ്രഹിച്ചത്. തുടര്‍ച്ചയായി മൂന്നോ നാലോ മത്സരങ്ങളില്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രം ഒരാള്‍ മോശം കളിക്കാരനാകുന്നില്ല. ലോകകപ്പ് ജയിച്ച ഒരു ടീമിലെ കളിക്കാര്‍ പെട്ടെന്നൊരു പരമ്പര കഴിയുമ്പോള്‍ മോശം കളിക്കാരായി മാറുന്നില്ലെന്നും മത്സരശേഷം ഗംഭീര്‍ പറഞ്ഞു.ഗംഭീറിന്റെ വിശ്വാസം കാത്ത സഞ്ജു സാംസണ്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ രണ്ട് അര്‍ദ്ധസെഞ്ചുറികളോടെ 117 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.
‘വൈഭവ് കാത്തിരിക്കേണ്ടതുണ്ട്’
വൈഭവ് സൂര്യവംശിയുടെ കാര്യത്തില്‍ താരത്തിന്റെ കഴിവ് ചോദ്യം ചെയ്യപ്പെടാത്തതാണെങ്കിലും സഞ്ജുവിനായിരുന്നു എപ്പോഴും മുന്‍ഗണനയെന്ന് ഗംഭീര്‍ വ്യക്തമാക്കി. വൈഭവിന് അവസരം ലഭിക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ടീമില്‍ തുടരാനുള്ള അവസരം നല്‍കുമെന്നും പരിശീലകന്‍ ഉറപ്പുനല്‍കി. വൈഭവിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ ആശയവിനിമയമുണ്ട്; അവന്‍ തന്റെ അവസരത്തിനായി കാത്തിരിക്കണം. അവന്റെ കഴിവിനെക്കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍ വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തുന്ന ഒരാള്‍ക്ക്, പുതുതായി വരുന്ന ആളേക്കാള്‍ എപ്പോഴും മുന്‍ഗണന ലഭിക്കും. അവന് അവസരം ലഭിക്കുമ്പോള്‍ നീണ്ടൊരു റണ്‍ തന്നെ നല്‍കും. ഇന്ത്യന്‍ ക്രിക്കറ്റ് അങ്ങനെയാണ്. ഡ്രസ്സിംഗ് റൂമില്‍ അത്തരം മത്സരവും പ്രതിഭകളും ഉണ്ടാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 15 വയസ്സുള്ള ആളായാലും 30 വയസ്സുള്ള ആളായാലും ചിലപ്പോള്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.വരുന്ന ജപ്പാന്‍ ട്വന്റി20 പരമ്പരയിലോ ഏഷ്യന്‍ ഗെയിംസിലോ വൈഭവ് സൂര്യവംശിയെ മൈതാനത്ത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.




