കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. വിദഗ്ദ്ധ പരിശോധനകള്‍ ഉണ്ടാകും. അടിയന്തിര ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും ആരോഗ്യമന്ത്രി പറഞ്ഞു.സാങ്കേതിക പരമായിട്ടുള്ള മറ്റ് പരിശോധനകള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും.
വിശദമായ അന്വേഷണമാണ് നടക്കുക. DME യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രോഗികളെയെല്ലാം സ്ഥലത്ത് നിന്ന് മാറ്റാന്‍ സാധിച്ചിട്ടുണ്ട്. രോഗികളുടെ ചികിത്സാ ചിലവ് വഹിക്കുന്ന കാര്യത്തില്‍ യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന പുതിയ ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ പുക ഉയര്‍ന്നത്.ഇതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങള്‍ കാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി.ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മരണം സംഭവിച്ചത് പുക ശ്വസിച്ചുള്ള ശ്വാസതടസ്സം മൂലം എന്നാണ് ആരോപണം. മെഡിക്കല്‍ കോളജ് അധികൃതര്‍ ഇത് നിഷേധിച്ചെങ്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം, അപകടത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിട്ടുണ്ട്. മരിച്ച അഞ്ചുപേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലാകും മരണകാരണത്തില്‍ വ്യക്തത വരിക.