കക്കളംകുന്ന് വാര്‍ഡില്‍ മത്സരം ഇഞ്ചോടിഞ്ച്: മുസ്ലിംലീഗിന് എതിരാളി എസ്ഡിപിഐ.

കുമ്പള.കുമ്പള പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കക്കളംകുന്നില്‍ പോരാട്ടം കനക്കുന്നു.മുസ്ലിം ലീഗിന്റെ മണ്ഡലം സെക്രട്ടറി എകെ ആരിഫ് മത്സരിക്കുന്ന വാര്‍ഡില്‍ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ ബംബ്രാണയാണ് എതിരാളി.രണ്ട് നേതാക്കള്‍ തമ്മിലുള്ള പോരാട്ടം കൊണ്ട് ശ്രദ്ധേയമാവുകയാണ് കക്കളംകുന്ന് വാര്‍ഡ്.

വാര്‍ഡില്‍ എല്‍ഡിഎഫും ബിജെപിയും ശക്തമായി തന്നെ മത്സര രംഗത്തുണ്ടെങ്കിലും മുസ്ലിംലീഗും, എസ്ഡിപിഐയും തമ്മിലാണ് രാഷ്ട്രീയ പോരാട്ടമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.ഇതിന്റെ വീറും,വാശിയും വാര്‍ഡില്‍ പ്രകടവുമാണ്.

പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് വിജയിച്ചു വരുന്ന വാര്‍ഡില്‍ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഡിപിഐയും, സിപിഎമ്മും, ബിജെപിയും പ്രചാരണം നടത്തുന്നത്. പഞ്ചായത്ത് ഭരണ സമിതിയില്‍ കഴിഞ്ഞ പ്രാവശ്യം പ്രസിഡന്റ് പദവി വാര്‍ഡിന് കിട്ടിയിട്ടും അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയിട്ടില്ലെന്ന് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ മുസ്ലിംലീഗിന്റെ ഹരിത കോട്ടയായ കക്കളംകുന്നില്‍ ഒരുപാട് വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ട്.അത് വോട്ടര്‍മാര്‍ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടെന്നും,ഹരിത കോട്ടയ്ക്ക് ഒരു ഇളക്കവും സംഭവിക്കാന്‍ പോകുന്നില്ലെന്നും യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും പറയുന്നുണ്ട്.

കഴിഞ്ഞ ഭരണ സമിതിക്കെതിരായ ഭരണ വിരുദ്ധ വികാരവും,മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആരോപണമുയര്‍ത്തിയ അഴിമതി വിവാദങ്ങളും വാര്‍ഡില്‍ മുസ്ലിം ലീഗിന് തിരിച്ചടിയാകുമെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറയന്നു.

ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ദേവിക പി യെയാണ്.ശശിധര പി യാണ് സിപിഎം സ്ഥാനാര്‍ഥി.വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് കക്കളം കുന്ന് വാര്‍ഡില്‍ ബിജെപി ക്കും സിപിഎമ്മിനും വോട്ട് ബാങ്കുള്ള പ്രദേശങ്ങളു ണ്ടെന്നും,ഇവിടെ പാര്‍ട്ടികള്‍ക്ക് വോട്ട് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് അനുകൂല ഘടകവുമാണെന്നും ബിജെപിയും, സിപിഎമ്മും പറയുന്നുണ്ട്.

ഫോട്ടോ:എകെ ആരിഫ്(മുസ്ലിം ലീഗ്) അബ്ദുല്‍ നാസര്‍ ജിഎം (എസ്ഡിപിഐ) ദേവിക പി(ബിജെപി)ശശിധര പി(സിപിഎം).

Scroll to Top