കെ.എസ്.ഇ.ബി കുറ്റിക്കോല്‍ സബ്‌സ്റ്റേഷന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നാടിന് സമര്‍പ്പിച്ചു
കെ.എസ്.ഇ.ബി കുറ്റിക്കോല്‍ 110 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. സാധ്യമായ എല്ലാ രീതിയിലും വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ മാത്രമേ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാവൂവെന്ന് എം.പി പറഞ്ഞു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
വലിയപാറ സബ്‌സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ കെ. നീലകണ്ഠന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമന്‍ പായം, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭനകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി നിഷ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ശോഭന, കെ.ഉമാവതി, മാധവി ടി തോരോത്ത്, കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപറേഷന്‍ ഡയറക്ടര്‍ എസ്.ശിവദാസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സി.സുബ്രഹ്‌മണ്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.ഗോപിനാഥന്‍ നായര്‍, അഡ്വ. സി.രാമചന്ദ്രന്‍, മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.കുഞ്ഞിരാമന്‍, കെ.യു മാത്യു,
നാഷണല്‍ അബ്ദുള്ള, ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രതിനിധി രത്നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി നോര്‍ത്ത് ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസര്‍കോഡ് താലൂക്കിലെ ബേഡഡുക്ക പഞ്ചായത്തിലെ വലിയപാറയില്‍ 1.5 ഏക്കര്‍ സ്ഥലത്താണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചത്. മൈലാട്ടി-പെരിയാട്ടടുക്കം ഭാഗത്തുനിന്ന് 11.18 കിലോമീറ്റര്‍ പ്രസരണലൈന്‍ നിര്‍മിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 12.5 എം.വി.എ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ അടങ്ങുന്ന സബ്‌സ്റ്റേഷനും അനുബന്ധലൈനും 20.5 കോടി രൂപ ചിലവിട്ടാണ് പൂര്‍ത്തിയാക്കിയത്.
ജില്ലയിലെ മലയോര മേഖലയിലെ വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് റവന്യൂ വകുപ്പില്‍നിന്ന് പാട്ടക്കരാറില്‍ ലഭ്യമായ സ്ഥലത്ത് 2020 ജനുവരിയില്‍ സബ്‌സ്റ്റേഷന്‍ പ്രവൃത്തി ആരംഭിച്ചത്. സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമായതോടെ 25 എം.വി.എയുടെ അധിക സ്ഥാപിത ശേഷി ലഭിക്കുകയും തദ്ദേശവാസികളുടെ വൈദ്യുതി സംബന്ധമായ പ്രയാസങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. സബ്‌സ്റ്റേഷനില്‍നിന്ന് ആറ് പുതിയ 11 കെ.വി വിതരണ ഫീഡറുകള്‍ ലഭ്യമാകുന്നതിനാല്‍ കുറ്റിക്കോല്‍, പെരിയ ബസാര്‍, രാജപുരം, ബളാന്തോട്, ചട്ടഞ്ചാല്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വൈദ്യുതി വിതരണവും സുഗമമാകും. കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കോടോം ബേളൂര്‍, പുല്ലൂര്‍-പെരിയ, കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ അമ്പതിനായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് സബ്‌സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.
