ഫ്‌ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാന്‍ ബന്ധം, പിന്നില്‍ ഇറാനാണെങ്കില്‍ ശക്തമായി തിരിച്ചടിക്കും; ട്രംപ്
ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്‌ലൈ ദുബായ് യാത്രാവിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ നിഗമനം. ആക്രമണത്തിന് പിന്നില്‍ ഇറാനാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കോക്പിറ്റില്‍ സംഘര്‍ഷം നടന്നതായി കണ്ടെത്തിയെന്ന് സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് പൈലറ്റുമാര്‍ക്കും പരുക്കേറ്റെന്നും സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തില്‍ സ്മിത്ത് മച്ചാറിനൊപ്പമുണ്ടായിരുന്ന പൈലറ്റിനെ സൗദി യുഎഇയ്ക്ക് കൈമാറി. ദുബായില്‍ നിന്നും മുഹമ്മദ് റഹീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
യുഎഇയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയുടെ വടക്കുഭാഗത്ത്, മരുഭൂമിയ്ക്ക് മുകളില്‍ വച്ചാണ് ആടിയുലഞ്ഞത്. ആക്രോശങ്ങള്‍ കേട്ട് കോക്പിറ്റിന്റെ വാതില്‍ തള്ളി യാത്രക്കാര്‍ അകത്തേയ്ക്ക് കടന്നപ്പോള്‍ ചോരപുരണ്ട് കിടക്കുന്ന ഇന്ത്യാക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാര്‍. കയ്യില്‍ കത്തിയുമായി ഒമാന്‍ സ്വദേശിയായ സഹപൈലറ്റ്. സഹപൈലറ്റിന്റെ ആക്രമണം നേരിട്ട ഇന്ത്യാക്കാരനായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സൗദിയില്‍ തബൂക്കിലെ ആശുപത്രിയിലാണ് ഇപ്പോള്‍ സ്മിത് മച്ഛാര്‍. ആക്രമണം നടത്തിയ ഒമാന്‍ പൗരനായ പൈലറ്റിനെ ചോദ്യം ചെയ്യും. ഭീകരാക്രമണമാണ് നടന്നതെന്നാണ് ഇസ്രയേലിലെ തീവ്രവലതുപക്ഷത്തിന്റെ ആരോപണം. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിലേയ്ക്കുള്ള സര്‍വീസുകള്‍ ഫ്‌ലൈ ദുബായ് റദ്ദാക്കി.
