ആറ് മണിക്കൂര്‍ സമയം വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് വയോധിക മരിച്ചു.
കാഞ്ഞങ്ങാട്: ആറ് മണിക്കൂര്‍ സമയം വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് വയോധിക മരിച്ചു.ഇന്നലെ ഗാന്ധിജയന്തി ദിനത്തില്‍ വൈദ്യുതി മണിക്കൂറുകളോളം നിലച്ചതിനെ തുടര്‍ന്ന്ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് രോഗി മരിച്ചത്. അതിഞ്ഞാല്‍ കെ.കെ. പുരയില്‍ ബീരാന്‍ കാടത്ത് ഖാദറിന്റെ ഭാര്യ മറിയം 75 ആണ് മരിച്ചത്. ഉച്ചക്ക് 2.30 മണിയോടെ നിലച്ച വൈദ്യുതി അതിഞ്ഞാല്‍ പ്രദേശത് പുന:സ്ഥാപിച്ചത് രാത്രി 8.30 മണിയോടെയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉച്ചക്ക് കറന്റ് പോയതോടെ ഇന്‍വെര്‍ട്ടര്‍ സഹായത്തോടെ ഓക്‌സിജന്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചു. രാത്രിയോടെ ഇന്‍വെര്‍ട്ടറിന്റെ ചാര്‍ജ് തീര്‍ന്നതോടെ ഓക്‌സിജന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു. കഫക്കെട്ട് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വയോധികയെ രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് വന്നത്. ഇതിന് ശേഷം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കെ.എസ്.ഇ.ബി ആറ് മണിക്കൂര്‍ സമയം വൈദ്യുതി വിതരണം മുടക്കിയതെന്ന് വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത് പറഞ്ഞു. പല തവണ ചിത്താരി വൈദ്യുതി സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചെങ്കിലും വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത് രാത്രിയാണ്. വൈദ്യുതി നിലച്ചതോടെ ഈ ഭാഗത്തെ പല വ്യാപാരികളും കടകള്‍ നേരത്തെ പൂട്ടി. മക്കള്‍ : ശരീഫ, സുബൈദ, സാജിത മരുമക്കള്‍: കുഞ്ഞാമത് തെക്കേപ്പുറം, അമീര്‍ ചെറുവത്തൂര്‍, മൊയ്തു ബേക്കല്‍
