സ്മിത്ത് മച്ചാറെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി; മച്ചാര്‍ തങ്ങളുടെ ടീമില്‍ അംഗമായതില്‍ അഭിമാനമെന്ന് ഷെയ്ഖ് ഹംദാന്‍
ദുബായ്: ഫ്‌ലൈ ദുബായ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി ലോകപ്രശംസ നേടിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. സ്മിത്ത് മച്ചാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് ദുബായ് കിരീടാവകാശി സന്ദര്‍ശിച്ചത്. മച്ചാര്‍ തങ്ങളുടെ ടീമില്‍ അംഗമായതില്‍ അഭിമാനം എന്ന് ഷെയ്ഖ് ഹംദാന്‍ പ്രതികരിച്ചു. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. . ക്രാഷ് ആക്സ് ഉപയോഗിച്ചാണ് സ്മിത്ത് മച്ചാറിനെ ആക്രമിച്ചത്. ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹമാമിയാണ് ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ പൈലറ്റാകാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതില്‍ അവ്യക്തതയുണ്ട്.സൗദി അറേബ്യയില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഷിന്‍ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി സുരക്ഷാ ഏജന്‍സികളും ഈ അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്.
2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്ളൈ ദുബായില്‍ ചേര്‍ന്നത്. ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായാണ് വിവരം. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വിഡിയോ പോസ്റ്റ്. ഇതില്‍ ഇസ്രായേലി എയര്‍ലൈനുകളായ ‘എല്‍ അല്‍’ , ‘അര്‍കിയ’ എന്നിവയുടെ വിമാനങ്ങള്‍ കാണിക്കുന്നുണ്ട്. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, 2009-ല്‍ സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീല്‍ അബു-മുലാല്‍ അല്‍-ബലാവിയ എന്നിവരുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
രണ്ടാമത്തെ പോസ്റ്റില്‍ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമായിരുന്നു. കൂടാതെ, ഇയാളുടെ പഴയ എക്സ് സമൂഹമാധ്യമഅക്കൗണ്ട് വിശകലനം ചെയ്തതില്‍ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്
