Advertisement

അവസാന ദിനം കളറാക്കി 5 സ്വര്‍ണമടക്കം 9 മെഡലുകള്‍, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് സമാപനം

By kcnchannel / October 3, 2026

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് സമാപനം. അവസാന ദിവസമായ ഇന്ന് 5 സ്വര്‍ണമാണ് നേടിയത്. വനിതകള്‍ക്ക് പിന്നാലെ ക്രിക്കറ്റിലും ഹോക്കിയിലും പുരുഷ ടീം സ്വര്‍ണം നേടി. 21 സ്വര്‍ണമടക്കം നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ന് ഇന്ത്യ കളത്തിലിറങ്ങിയത് 7 ഫൈനലുകളില്‍. 5 സ്വര്‍ണമടക്കം 9 മെഡലുകള്‍ നേടി അവസാന ദിനം ഗംഭീരമാക്കി ടീം ഇന്ത്യ. കഴിഞ്ഞ തവണത്തെ നേട്ടം മറികടക്കാന്‍ ആയില്ല. ഹാങ്‌ചോയില്‍ 28 സ്വര്‍ണവും 38 വെള്ളിയും 40 വെങ്കലവും അടക്കം 106 മെഡലുകള്‍ നേടിയിരുന്നു.

ഹോക്കിയില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷടീമും പൊന്നണിഞ്ഞു, മലേഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്. 2028 ഒളിമ്പിക്‌സിനും ഇന്ത്യ യോഗ്യത നേടി. ഉത്തരകൊറിയയുടെ ലോക ചാംപ്യന്‍ ഹാന്‍ ചോങ് സോങ്ങിനെ മലര്‍ത്തിയടിച്ചാണ് ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 57 കിലോ വിഭാഗത്തില്‍ അമന്‍ സെഹ്‌റാവത്ത് സ്വര്‍ണം നേടി. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ അന്റിം പംഘല്‍ വെള്ളിയും പുരുഷന്മാരുടെ 97 കിലോ വിഭാഗത്തില്‍ ദീപക് പൂനിയ വെങ്കലവും സ്വന്തമാക്കി.

ക്രിക്കറ്റില്‍ പാകിസ്താനെ 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം. അഭിഷേക് ശര്‍മയുടേയും തിലക് വര്‍മയുടേയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. അമ്പെയ്ത്ത് റികര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ കുംകും മൊഹോദ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും സ്വന്തം പേരിലാക്കി. ഈ ഗെയിംസില്‍ താരത്തിന്റെ മൂന്നാം മെഡലാണിത്.

2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനും കുകും മൊഹോദ് യോഗ്യത ഉറപ്പിച്ചു. പുരുഷ വിഭാഗത്തില്‍ നീരജ് ചൌഹാന്‍ ഇന്ത്യക്കായി വെങ്കലം നേടി. വനിതാ ഗോള്‍ഫ് വ്യക്തിഗത സ്‌ട്രോക് പ്ലേയിലാണ് പ്രണവി ശരത് ഉര്‍സിന്റെ സ്വര്‍ണനേട്ടം. ടീം ഇനത്തില്‍ പ്രണവി, അദിതി അശോക്, ദീക്ഷാ ദാഗര്‍ സഖ്യം വെള്ളി നേടി. നാളെയാണ് ഗെയിംസിന്റെ ഔദ്യോഗിക സമാപനം.