Advertisement

സമരച്ചൂടില്‍ തലസ്ഥാനം, ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് തടഞ്ഞ് പൊലീസ്;

By kcnchannel / October 6, 2026

ബാരിക്കേഡിന് മുകളില്‍ കയറി ദേശീയ പതാക വീശി രാഹുലും പ്രിയങ്കയും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാരുടെ പ്രതിഷേധം പാര്‍ലമെന്റില്‍ തുടങ്ങി. ബിജെഡിയും പ്രതിഷേധത്തില്‍ ഇന്ത്യ സഖ്യത്തിനൊപ്പമുണ്ട്.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടില്‍ തിളച്ച് മറിഞ്ഞ് ദില്ലി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് സമീപം ആകാശവാണി ഭവന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പിന്നാലെ ബാരിക്കേഡിന് മുകളില്‍ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം. എന്നാല്‍, ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപനം.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കില്‍ ഇന്ന് മുതല്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരുടെ മാര്‍ച്ച്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാര്‍ച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു.