കരിങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം, ജീവനക്കാരെ കാണാതായി, തെരച്ചില്‍ ഊര്‍ജ്ജിതം
സോഫിയ: കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. കപ്പല്‍ മുങ്ങി, ജീവനക്കാരെ കാണാതായി. നാറ്റോ സഖ്യ രാജ്യമായ ബള്‍ഗേറിയന്‍ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഈ ആക്രമണമെന്നാണ് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റുമെന്‍ രാദേവ് വിശദമാക്കിയത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെന്നതില്‍ ഇനിയും വ്യക്തതയില്ല. കിഴക്കന്‍ ബള്‍ഗേറിയയിലെ തീരദേശ പട്ടണമായ ബയാലയില്‍ നിന്ന് ഏകദേശം 112 കിലോമീറ്റര്‍ അകലെ വച്ചാണ് ആകാശത്തുനിന്നും കടല്‍മാര്‍ഗ്ഗവുമുള്ള ഡ്രോണ്‍ ആക്രമണം നടന്നത്. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യ നടത്തുന്ന ഹൈബ്രിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചു വരുന്നതിനിടെയാണ് നിലവിലെ ആക്രമണം. ബള്‍ഗേറിയന്‍ കടല്‍ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന ആദ്യത്തെ ഇത്തരം ആക്രമണമാണിതെന്ന് ഷിപ്പിംഗ് കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി രാദേവ് ടെലിവിഷന്‍ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട കപ്പലുകളിലൊന്നില്‍ ധാന്യങ്ങളായിരുന്നു കൊണ്ടുപോയിരുന്നത്. ഈ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായാണ് അധികൃതര്‍ വിശദമാക്കുന്നത്. അതിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ മുങ്ങിപ്പോയ ടോഗോയുടെ പതാകയേന്തിയ രണ്ടാമത്തെ കപ്പലില്‍ ഉണ്ടായിരുന്ന ചരക്ക് എന്താണെന്ന സ്ഥിരീകരിച്ചിട്ടില്ല. കാണാതായ ജീവനക്കാര്‍ക്കായുള്ള തിരച്ചിലും പരിസ്ഥിതി ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ ഇന്ധന ചോര്‍ച്ചയോ മറ്റോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രാഥമിക വിവരങ്ങളും വിലയിരുത്തലുകളും അനുസരിച്ച് ആക്രമണത്തിന് പിന്നില്‍ റഷ്യ ആയിരിക്കാനാണ് സാധ്യതയെന്നാണ് മാരിടൈം സെക്യൂരിറ്റി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് റഷ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അടിയന്തര സന്ദേശങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ട് ബ്രിട്ടീഷ് മാരിടൈം റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പായ വാന്‍ഗാര്‍ഡ് വിശദമാക്കുന്നത് അനുസരിച്ച് ടോഗോയുടെ പതാകയേന്തിയ അല്ഫ വട്ടാന്, പലാവുവിന്റെ പതാകയേന്തിയ ഏബിള്‍ എന്നീ ചരക്കുകപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് കപ്പലുകളും ആക്രമണ സമയത്ത് അടിയന്തര സഹായ സന്ദേശങ്ങള്‍ അയച്ചിരുന്നതായും, ഡ്രോണ്‍ ആക്രമണത്തിലാണ് കപ്പലുകള്‍ക്ക് തകരാര്‍ സംഭവിച്ചതെന്ന് ബള്‍ഗേറിയന്‍ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.
