ആദൂരില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ഗ്രാമിലധികം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
കാസറഗോഡ്: കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ ആദൂര്‍ പോലീസ് പിടികൂടി. കുഞ്ചത്തൂര്‍ ബേക്കൂര്‍ ഹൗസില്‍ മുഹമ്മദ് റിയാസ് (33), നെക്രാജെ നെല്ലിക്കട്ട ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ് (36) എന്നിവരാണ് ആദൂര്‍ പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 18.290 ഗ്രാം എം.ഡി.എം.എയും കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. പിടിയിലായ രണ്ടു പ്രതികളും കൊലപാതകവും മയക്കുമരുന്ന് കടത്തലും ഉള്‍പ്പെടെ ഒട്ടേറെ മറ്റ് ക്രിമിനല്‍ കേസുകളിലും മുന്‍പ് പ്രതികളാണ്.
ചൊവ്വാഴ്ച രാവിലെ ആദൂര്‍ പാലത്തിന് സമീപം നൈറ്റ് പട്രോളിംഗ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. കര്‍ണാടക ഭാഗത്തുനിന്ന് സ്‌കൂട്ടറില്‍ എത്തിയ പ്രതികളെ സംശയം തോന്നി പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആദൂര്‍ എസ്.ഐ ശരത്ത് കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഗസറ്റഡ് ഉദ്യോഗസ്ഥനായ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് പി.യും സ്ഥലത്തെത്തി പരിശോധന നടത്തി.ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. വില്‍പനയ്ക്കായാണ് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നത്.
പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം ആദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിലുള്ള മറ്റ് കണ്ണികളെക്കുറിച്ചും ആദൂര്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
