Advertisement

യോഗത്തിനിടെ വൈദ്യുതി മുടക്കം: മൊബൈല്‍ വെളിച്ചത്തില്‍ യോഗം ചേര്‍ന്ന് ദേശീയവേദിയുടെ പ്രതിഷേധം

By kcnchannel / October 7, 2026

മൊഗ്രാല്‍:കുമ്പളയിലെ അപ്രഖ്യാപിത വൈദ്യുതി ലോഡ് ഷെഡ്ഡിങ് ഉപഭോക്താക്കള്‍ക്ക് ദുരിതമാകുന്നു. വൈദ്യുതി നിയന്ത്രണത്തിന്റെ പേരില്‍ ദിവസവും രണ്ട്,മൂന്ന് തവണയായി മണിക്കൂറുകളോളം നീളുന്ന അപ്രഖ്യാപിത ലോഡ്‌ഷെഡ്ഡിങ് വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കുന്നു.

സര്‍ക്കാരിന്റെ അപ്രഖ്യാപിത ലോഡ് ഷെഡിങ് എപ്പോള്‍,എത്ര മണിക്ക്,എത്ര സമയം ഇതൊന്നും ഉപഭോക്താക്കളെ അറിയിക്കുന്നില്ല. അതുകൊണ്ട് തന്നെ സന്നദ്ധ സംഘടനകളുടെയും മറ്റും പരിപാടികള്‍ക്കും വൈദ്യുതി തടസ്സം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം നടന്നുകൊണ്ടിരിക്കെ വൈദ്യുതി തടസ്സം നേരിട്ടു.മൊബൈല്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച് യോഗം തുടര്‍ന്ന് ദേശീയവേദി വൈദ്യുതിയുടെ ഒളിച്ചോട്ടത്തില്‍ പ്രതിഷേധം അറിയിച്ചത് വേറിട്ട കാഴ്ചയായി.

വൈദ്യുതി പ്രതിസന്ധി തടയാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്നും ദീര്‍ഘകാല വൈദ്യുതി കരാര്‍ പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.ഈ വര്‍ഷം വേണ്ടത്ര മഴ ലഭിക്കാത്ത സാഹചര്യത്തില്‍ വരും നാളുകളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും.
ഇതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

യോഗം ഗള്‍ഫ് പ്രതിനിധി മനാഫ് എല്‍ ടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.എം മാഹിന്‍ മാസ്റ്റര്‍, മുഹമ്മദ് സ്മാര്‍ട്ട്,ടി കെ അന്‍വര്‍,എം എ മൂസ,എം എം റഹ്‌മാന്‍,ഖാദര്‍ മൊഗ്രാല്‍,അഷ്റഫ് പെര്‍വാഡ്,എം ജി എ റഹ്‌മാന്‍,മുഹമ്മദ് അബ്‌ക്കോ,എച്ച് എം കരീം, അഷ്റഫ് സാഹിബ്,അബ്ദുല്ല കുഞ്ഞി നട്പ്പളം, അബ്ദുള്ള കോട്ടക്കുന്ന്, എംഎസ് മുഹമ്മദ് കുഞ്ഞി,വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.എ എച്ച് ഇബ്രാഹിം നന്ദി പറഞ്ഞു.

ഫോട്ടോ:കുമ്പളയിലെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങില്‍ മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം മൊബൈല്‍ വെളിച്ചത്തില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിക്കുന്നു.