Advertisement

പുതിയ തൊഴില്‍ വിസക്കാര്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിര്‍ണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

By kcnchannel / October 7, 2026

പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ സ്വന്തം വിസ നടപടികള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആണ്‍മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ശമ്പളം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ വിഭാഗം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഇതിനുള്ള അനുമതി നല്‍കുക.

റിയാദ്: പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധരായ തൊഴിലാളികള്‍ക്ക്, സ്വന്തം തൊഴില്‍ വിസ നടപടികള്‍ക്കൊപ്പം തന്നെ കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ നിര്‍ണായക തീരുമാനം പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിലവില്‍ തൊഴില്‍ വിസയിലെത്തുന്ന വിദഗ്ധ തൊഴിലാളികള്‍ സൗദിയില്‍ എത്തി പ്രവാസരേഖകള്‍ ശരിയാക്കിയ ശേഷമായിരുന്നു കുടുംബത്തിനായുള്ള വിസ നടപടികള്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ പുതിയ പരിഷ്‌കാരത്തോടെ, തൊഴിലാളിക്ക് തന്റെ വിസ പ്രോസസിംഗിനൊപ്പം തന്നെ കുടുംബാംഗങ്ങള്‍ക്കുള്ള എന്‍ട്രി വിസയും സ്വന്തമാക്കാനാകും.

ആര്‍ക്കൊക്കെയാണ് ഇളവ്?
ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആണ്‍മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവരാണ് ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരുന്നത്. വിദഗ്ധ തൊഴിലാളികള്‍ തങ്ങളുടെ ജോലി സംബന്ധമായ നടപടികളും വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്നതോടെ കുടുംബാംഗങ്ങള്‍ക്കും എന്‍ട്രി വിസ അനുവദിക്കും.

കുടുംബത്തെ ഒപ്പം കൂട്ടുന്ന കുടുംബനാഥന് നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ വെച്ചിട്ടുണ്ട്. തൊഴിലാളിയുടെ ശമ്പള പരിധി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ വിഭാഗം (തൊഴില്‍ കാറ്റഗറി) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അനുമതി ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട വിശദമായ നിബന്ധനകളും വ്യവസ്ഥകളും വരുംദിവസങ്ങളില്‍ അധികൃതര്‍ പുറത്തുവിടും. എന്‍ട്രി വിസയില്‍ സൗദിയില്‍ പ്രവേശിച്ച ശേഷം, നിലവിലെ നിയമപരമായ നടപടിക്രമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കുടുംബാംഗങ്ങളുടെ താമസരേഖ (ഇഖാമ) നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.