ദില്ലി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം,
നിര്‍ണായക ഹര്‍ജി കോടതിയില്‍, സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് ഷാ
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപി സമരത്തെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത സുരക്ഷ. 70 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചതിന് പുറമെ ഗതാഗത, താമസ സൗകര്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ സിജെപി നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 70 കമ്പനി കേന്ദ്രസേന കൂടി ദില്ലിക്ക് എത്തി. പശ്ചിമബംഗാളില്‍ നിന്ന് 40 കമ്പനികളും ഛത്തീസ്ഗഢില്‍ നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കം. അതേസമയം, ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് ഷാ ദില്ലിയില്‍ തുടരുകയാണ്.
സിജെപി പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനവുമായി ദില്ലി പൊലീസ് രം?ഗത്തെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ പൊലീസിന്റെ ക്യാമ്പയിന്‍ നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യര്‍ത്ഥന. മസ്ജിദുകളില്‍ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു കഴിഞ്ഞു. നിലവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതാണ് കാണുന്നത്. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാല്‍ സ്റ്റേഡിയം തടങ്കല്‍ കേന്ദ്രങ്ങള്‍ ആക്കും. ദില്ലിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കാന്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്. ആപ്പ് അധിഷ്ഠിത ക്യാബ് കമ്പനികളുടെ സര്‍വീസ് നിയന്ത്രിക്കും. ഹോട്ടലുകളിലും ഒയോ റൂമുകളിലും പുതിയ ബുക്കിംഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അതിനിടെ, ജന്തര്‍മന്തറില്‍ സമരത്തിലെ നിര്‍ണ്ണായക ഹര്‍ജി ഇന്ന് ദില്ലി ഹൈകോടതിയിലെത്തി. ജന്തര്‍മന്തറില്‍ സമരത്തിന് അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിന് അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്.
