Advertisement

പരപ്പ ആസ്പിരേഷനല്‍ ബ്ലോക്ക് ജില്ലാതല അവലോകനയോഗം ചേര്‍ന്നു

By kcnchannel / October 9, 2026

പരപ്പ ആസ്പിരേഷനല്‍ ബ്ലോക്കിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാതല അവലോകനയോഗം ചേര്‍ന്നു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാരാ രാജ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ബി.എം. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ശ്രീകുമാര്‍ എസ്.കുറുപ്പ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

പരപ്പ ആസ്പിരേഷനല്‍ ബ്ലോക്കിലെ മുഴുവന്‍ അംഗന്‍വാടികളിലും ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ഐ.സി.ഡി.എസ് മുഖേനയുള്ള സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ 99.25 ശതമാനം ഗര്‍ഭിണികള്‍ക്ക് അനുബന്ധ പോഷകാഹാരം ലഭ്യമാക്കുന്നുണ്ട്. ആറുമാസം മുതല്‍ ആറുവയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള അനുബന്ധ പോഷകാഹാര വിതരണത്തില്‍ 99.76 ശതമാനം പുരോഗതി കൈവരിച്ചു. സപ്ലിമെന്ററി ന്യൂട്രീഷന്‍ വിതരണത്തില്‍ ഈസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം, കള്ളാര്‍, വെസ്റ്റ് എളേരി, ബളാല്‍ ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം പുരോഗതി നേടി.

കൃഷി-അനുബന്ധ മേഖലയില്‍ രൂപീകരിക്കേണ്ട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ (എഫ്.പി.ഒ) ലക്ഷ്യം 100 ശതമാനം കൈവരിച്ചു. ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം 100 ശതമാനം പൂര്‍ത്തിയായി. പി.എം കിസാന്‍ ഗുണഭോക്താക്കളുടെ ഭൂവിവരങ്ങള്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതില്‍ 98.02 ശതമാനം പുരോഗതിയും രേഖപ്പെടുത്തി.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഭാരത്‌നെറ്റ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തനക്ഷമമായ ഭാരത്‌നെറ്റ് കണക്ഷനുള്ള ഗ്രാമപഞ്ചായത്തുകളുടെ നിരക്കും 100 ശതമാനമാണ്. പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ വരെ 716 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 913 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ലത,മേഴ്സി മാണി, എം. രാജന്‍, പി.വി. അനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു