Advertisement

വിന്‍ഡീസിനെതിരെ വെടിക്കെട്ട് ഫിഫ്റ്റി; വിരാട് കോലിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തി സഞ്ജു സാംസണ്‍

By kcnchannel / October 9, 2026

റാഞ്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. വെറും 21 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച സഞ്ജു, വിന്‍ഡീസിനെതിരെ ടി20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു, ആറ് ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കമാണ് 21 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 2019 ഡിസംബര്‍ 11-ന് മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു വിരാട് കോലി 21 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി റെക്കോര്‍ഡിട്ടത്. ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന സഞ്ജു, രണ്ടാം പോരാട്ടത്തില്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചാണ് അര്‍ധസെഞ്ചുറിയിലെത്തിയയത്.

ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടിയ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിന്റെ പേരിലാണ് (15 പന്തില്‍). 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓസ്‌ട്രേലിയയുടെ ടിം ഡേവിഡാണ് രണ്ടാം സ്ഥാനത്ത്. 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡേവിഡ് വാര്‍ണറും കോളിന്‍ മണ്‍റോയുമാണ് മൂന്നാം സ്ഥാനത്ത്. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം (20) ഓപ്പണിംഗ് വിക്കറ്റില്‍ നാല് ഓവറില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്ജു പവര്‍ പ്ലേയില്‍ ഇന്ത്യയെ 79 റണ്‍സിലെത്തിച്ചു. മൂന്നാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ ഒമ്പതാം ഓവറില്‍ 100 കടത്തി.