Advertisement

സിജെപി ലീഗല്‍ വിങ് തലവന്‍ രത്‌ന സിംഗിനെയും അഭിഭാഷകരെയും പൊലീസ് വിട്ടയച്ചു; പിന്നാലെ ഹര്‍ജി തീര്‍പ്പാക്കി സാകേത് കോടതി

By kcnchannel / October 10, 2026

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തുന്ന ‘ജന്തര്‍ മന്തര്‍ 2.0’ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സിജെപി ലീഗല്‍ വിങ് തലവനും സുപ്രീം കോടതി അഭിഭാഷകയുമായ രത്ന സിംഗിനെ പൊലീസ് വിട്ടയച്ചു. മുന്‍കൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ ഡല്‍ഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തു എന്ന് കാട്ടി രത്‌ന സിംഗ് സാകേത് ജില്ലാ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. രത്‌ന സിംഗിനെ വിട്ടയച്ചതായി പോലീസ് ഔദ്യോഗികമായി സാകേത് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു.

സുപ്രീം കോടതി അഭിഭാഷകരെ തടഞ്ഞു

ജങ്പുര എക്സ്റ്റന്‍ഷനിലുള്ള തന്റെ വീട്ടില്‍ നിന്നും സുപ്രീം കോടതിയിലേക്ക് പോകാനിറങ്ങിയ രത്ന സിംഗിനെയും മറ്റ് മൂന്ന് അഭിഭാഷകരെയും പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തിയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ചാണ് ഇവര്‍ സാകേത് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനുപുറമേ, സുപ്രീം കോടതിക്ക് സമീപമുള്ള ഭഗവാന്‍ ദാസ് റോഡില്‍ വെച്ച് പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളിച്ച അറുപതോളം സുപ്രീം കോടതി അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുപ്രീം കോടതി ചേമ്പറുകളില്‍ നിന്നുപോലും അഭിഭാഷകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.