ഗ്യാനേഷിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; തുറന്ന വാഹനത്തില്‍ സുപ്രീം കോടതിയിലേക്ക് ‘ദില്ലി ചലോ’ മാര്‍ച്ച്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍. നാലരയ്ക്ക് മുമ്പ് രാഹുലിനെ കോടതിയില്‍ നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ കോണ്ഗ്രസിന്റെ അഭിഭാഷക സംഘമാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൗണ്ടറില്‍ എത്തി ഹര്‍ജി സമര്‍പ്പിച്ചു.ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എസ് ഐ ആര്‍ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹര്‍ജിയിലുണ്ട്.
അതേസമയം രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കടലാക്കിസുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ മാര്‍ച്ച് തുടരുകയാണ്. രണ്ട് മണിയോടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നിന്ന് ബസില്‍ കയറിയ ഇന്ത്യ സഖ്യ നേതാക്കള്‍ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസില്‍ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ആദ്യം നടന്നു നീങ്ങിയ നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാര്‍ച്ച് ചെയ്യുന്നത്. സുപ്രീം കോടതിക്ക് 200 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ ഒരുക്കി കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
