വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാരെ ഒഴിപ്പിക്കാന്‍ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോര്‍ട്ട്, നേതൃത്വം നല്‍കി ഹില്‍ ടോപ്പ് യൂത്ത്
വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍കാര്‍ കന്നുകാലികളേയും ആയുധമാക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഇടയന്മാര്‍ താമസിക്കുന്ന വെസ്റ്റ് ബാങ്കിലെ കുന്നിന്‍ പ്രദേശങ്ങളില്‍ ആട്ടിന്‍ കൂട്ടങ്ങളെ മുന്നില്‍ നിര്‍ത്തി പലസ്തീനുകാരെ തുരത്താന്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ശ്രമിക്കുന്നതായാണ് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് ദശാബ്ദങ്ങളായി ഇസ്രയേല്‍ സൈന്യം ഈ മേഖലയില്‍ പിടിയുറപ്പിച്ചിട്ടുണ്ട്. ഇസ്രയേലുമായി കൂട്ടിച്ചേര്‍ത്തേക്കുമെന്ന വിശ്വാസത്തില്‍ വെസ്റ്റ് ബാങ്കില്‍ നിരവധി ഇസ്രയേല്‍ കുടിയേറ്റ സെറ്റില്‍മെന്റും നിലവിലുണ്ട്. ഇസ്രായേല്‍ അതിര്‍ത്തികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമീപകാലത്തായി ഇരുന്നൂറോളം ആട്ടുഫാമുകളാണ് വെസ്റ്റ് ബാങ്കില്‍ ആരംഭിച്ചിട്ടുള്ളത്. ഇത് വെസ്റ്റ് ബാങ്കിന്റെ ഏകദേശം ഇരുപത് ശതമാനത്തോളം ഭാഗം കൈയടക്കിക്കഴിഞ്ഞതായാണ് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഈ ഫാമുകളിലെ ആടുകളെ പലസ്തീന്‍ ഗ്രാമങ്ങളിലേക്കും, അവരുടെ കൃഷിയിടങ്ങളിലേക്കും വീടുകളുടെ മുറ്റങ്ങളിലേക്കും തള്ളിവിടുന്നതാണ് ഇവരുടെ രീതി.
തങ്ങള്‍ ആടുകളെ മേയിക്കുന്ന സ്ഥലം തങ്ങളുടേതാണെന്നും ഇനി മുതല്‍ പലസ്തീനികള്‍ അവിടെ കൃഷി ചെയ്യാനോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ലെന്നും പ്രഖ്യാപിച്ചാണ് ഭൂമി കൈയേറ്റം നടക്കുന്നത്. പതിറ്റാണ്ടുകളായി തങ്ങളുടെ സ്വന്തം ആധാരത്തിലുള്ള ഭൂമിയില്‍ ജീവിക്കുന്ന പലസ്തീനികള്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് പോലും പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതുമൂലമുണ്ടാവുന്നത്. ഇത്തരത്തിലുള്ള നിരന്തരമായ കടന്നുകയറ്റം മൂലം നൂറിലധികം പലസ്തീന്‍ ഗ്രാമങ്ങളാണ് ഇതിനോടകം വിജനമാക്കപ്പെടുകയോ കുടിയൊഴിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ പലസ്തീനികളെ ഒഴിപ്പിക്കുന്ന അതിക്രമത്തിന് മുന്നില്‍ നില്‍ക്കുന്നത് ഹില്‍ ടോപ്പ് യൂത്ത് എന്ന പേരില്‍ അറിയപ്പെടുന്ന തീവ്ര ഇസ്രയേല്‍ നിലപാടുകള്‍ പുലര്‍ത്തുന്ന കൗമാരക്കാരും യുവാക്കളുമാണ്. ഇവര്‍ പലസ്തീനികളുടെ ഒലിവ് മരങ്ങള്‍ വെട്ടിമാറ്റുകയും, കാറുകള്‍ക്ക് തീയിടുകയും, വീടുകളും സ്വത്തുക്കളും നശിപ്പിക്കുകയും അടക്കം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. തങ്ങളുടെ സ്ഥലത്ത് നിന്ന് ഇറങ്ങാന്‍ തയ്യാറാകാത്ത പലസ്തീനികളെ വെടിവെക്കുന്നതടക്കമുള്ള അക്രമങ്ങളും മേഖലയില്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
പലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഇസ്രായേലി സൈന്യം പലപ്പോഴും കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം ഭൂമിയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാന്‍ സൈനികര്‍ സഹായിക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ അനീതിക്കെതിരെ പോരാടാന്‍ സണ്‍സ് ഓഫ് അബ്രഹാം എന്ന പേരില്‍ ഒരു കൂട്ടം ഇസ്രായേലി സമാധാന പ്രവര്‍ത്തകരും രംഗത്തുണ്ട്. കുടിയേറ്റക്കാരുടെ അതിക്രമങ്ങളില്‍ നിന്ന് പലസ്തീനികളെ സംരക്ഷിക്കാന്‍ ഇവര്‍ മനുഷ്യകവചമായി നില്‍ക്കുന്നുണ്ടെങ്കിലും അക്രമങ്ങളുടെ തീവ്രത കുറഞ്ഞിട്ടില്ല. ഇസ്രായേലി ഭരണകൂടവും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈ അതിക്രമങ്ങളെ ഔദ്യോഗികമായി തള്ളിക്കളയുമ്പോഴും, ഇത്തരം ആട്ടുഫാമുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും മറ്റ് ആധുനിക സജ്ജീകരണങ്ങളും നല്‍കി പിന്തുണയ്ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
