Advertisement

കായിക ദിനാചരണം: വിളംബര ജാഥ സംഘടിപ്പിച്ചു

By kcnchannel / October 13, 2026

സംസ്ഥാന കായിക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്ന വിവിധ പരിപാടികളുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വിളംബര ജാഥ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഫ്ളാഗ്ഓഫ് ചെയ്തു. കായിക സംസ്‌കാരവും മികച്ച കായിക താരങ്ങളെയും വളര്‍ത്തിയെടുക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാവണമെന്ന് കളക്ടര്‍ പറഞ്ഞു. കാസര്‍കോഡ് സിവില്‍ സ്റ്റേഷന്‍ മുതല്‍ ഉദയഗിരി വരെയാണ് വിളംബര ജാഥ.

സംസ്ഥാന കായിക ദിനമായ നാളെ (ഒക്ടോബര്‍ 13) രാവിലെ 6.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ ഫണ്‍ റണ്‍, വൈകീട്ട് അഞ്ചിന് എ.ആര്‍ ക്യാമ്പ് ടര്‍ഫില്‍ ഫുട്ബോള്‍, ഉദുമ എയോല്‍ പാലസില്‍ കബഡി എന്നീ മത്സരങ്ങള്‍ നടക്കും. ‘ഗോള്‍’ പദ്ധതിയുടെ ഭാഗമായി വിവിധ നിയോജക മണ്ഡലങ്ങള്‍ക്ക് അനുവദിച്ച സ്പോര്‍ട്സ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് 2.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും.

സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എസ്.എസ് സതീശന്‍, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എം.എസ് സുദീപ് ബോസ്, പരിശീലകര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.