പുരസ്‌കാര സമര്‍പ്പണ ബുധനാഴ്ച്ച വൈകിട്ട് 3.30 ന് നടക്കും
കാസര്‍കോട് ; കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ടി. ഉബൈദ് സ്മാരക പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരുമായ റഹ്‌മാന്‍ തായലങ്ങാടിക്ക് ബുധനാഴ്ച്ച സമര്‍പ്പിക്കും. കാസര്‍കോട് ലൈബ്രററി ഹാളില്‍ വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങില്‍ ഗ്രന്ഥകാരനും കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ഡോ.ഹുസൈന്‍ രണ്ടത്താണി പുരസ്‌കാരം സമര്‍പ്പിക്കും. 10001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം.ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എ. അബ്ദുല്‍ റഹിമാന്‍, അഡ്വ : ബി.എഫ് അബ്ദുല്‍ റഹ്‌മാന്‍, എ.എസ് മുഹമ്മദ് കുഞ്ഞി,എം.വി സന്തോഷ് കുമാര്‍, പി. എസ് ഹമീദ്, പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രദീപ്,അക്കാദമി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് എ.കെ.മുസ്തഫ, ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ദീര്‍ഘ കാലം മാധ്യമപ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞു നിന്ന റഹ്‌മാന്‍ തായലങ്ങാടി ചന്ദ്രികയുടെ കാസര്‍കോട് ബ്യൂറോ ചീഫ് ആയിട്ടാണ് പത്രപ്രവര്‍ത്തന മേഖലയില്‍ നിന്ന് വിരമിച്ചത്.മാപ്പിള സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ഭാഗമായി കഴിഞ്ഞ 27ന് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 9 പ്രതിഭകള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഇതില്‍ മാപ്പിള സാഹിത്യ മേഖലക്ക് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയായിരുന്നു റഹ്‌മാന്‍ തായലങ്ങാടിയെ ഉബൈദ് സ്മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.