പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കും
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മറ്റന്നാള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്കെ. അതേസമയം ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തില്‍ അറസ്റ്റിലായ സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍. അഞ്ച് ദിവസം റിമാന്‍ഡിലായ സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയുമാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.
പ്രതിഷേധം വിലക്കിയ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഇന്നലെ ആയിരുന്നു സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക,അജിങ്ക്യ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം. കസ്റ്റഡിയിലെടുത്ത 14 പേരില്‍ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് അഞ്ച് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. അന്യായമായി അതിക്രമിച്ചു കയറല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിജെപി നേതാക്കള്‍ക്ക് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമെന്നാണ് രാഹുലിന്റെ വിമര്‍ശനം.
അറസ്റ്റ് നടപടിയെ അപലപിച്ച് ഡിഎംകെയും എഎപിയും ഉള്‍പ്പെടെ രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയ്ക്ക് സിജെപി ദേശീയ കണ്‍വീനര്‍ അഭിജീത് ദീപ്‌കെ നന്ദി പറഞ്ഞു. ഇന്ത്യാ സഖ്യവുമായി ഭിന്നതയെന്ന റിപ്പോര്‍ട്ടുകള്‍ അഭിജീത് ദീപ്‌കെ തള്ളി. തുടര്‍പ്രതിഷേധങ്ങള്‍ക്കായി അഭിജീത് ദീപ്‌കെ മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു.
