Advertisement

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

By kcnchannel / October 17, 2026

ശബരിമല നട തുറക്കും, മുഖ്യമന്ത്രി ഇന്നെത്തും, മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

പൂജ അവധി ദിവസങ്ങള്‍ കൂടിയായതിനാല്‍ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്.
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ. ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങ് 50000 കടന്നു. അവലോകനയോഗത്തിനായി മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും. തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറക്കുമ്പോള്‍ ദര്‍ശനത്തിനായി വന്‍ ബുക്കിംഗ് ഉണ്ടായി. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീര്‍ഥാടകര്‍ ഓണ്‍ലൈന്‍ വഴി ദര്‍ശനം ബുക്ക് ചെയ്തു. ഇതോടെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കുണ്ടാകും. പൂജ അവധി ദിവസങ്ങള്‍ കൂടിയായതിനാല്‍ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബര്‍ 18 ന് 50000 പേരും ഒക്ടോബര്‍ 19ന് 40,000 പേരും ഇതിനോടകം ദര്‍ശനത്തിനായി ബുക്ക് ചെയ്തു.

ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശന്‍ രാവിലെ ഒമ്പതരയോടെ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് പത്തരയോടെ പമ്പയില്‍ അവലോകനയോഗം ചേരും. വൈകീട്ട് മല ചവിട്ടി സന്നിധാനത്ത് എത്തി ദര്‍ശനം പൂര്‍ത്തിയാക്കും. സന്നിധാനത്തെ ഒരുക്കങ്ങള്‍ കൂടി വിലയിരുത്തി രാത്രി തന്നെ മുഖ്യമന്ത്രി മലയിറങ്ങും. സീസണ്‍ മുന്നൊരുക്കങ്ങളില്‍ വീഴ്ചയുണ്ടെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് അവലോകനയോഗം.