Advertisement

കേരളോത്സവ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണം; കാസര്‍കോട് നഗരസഭ കേരളോത്സവം – 2026 സംഘാടകസമിതി രൂപീകരിച്ചു

By kcnchannel / October 17, 2026

കാസര്‍കോട്: കേരളോത്സവത്തില്‍ മികവ് തെളിയിച്ച് വിജയിക്കുന്ന യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും മത്സരപരീക്ഷകളിലും അര്‍ഹമായ പരിഗണന നല്‍കുന്നതിനായി ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്ന്കാസര്‍കോട് നഗരസഭ കേരളോത്സവം 2026 സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ആവശ്യം. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍നിന്ന് ജില്ലാ-സംസ്ഥാന തലങ്ങളിലേക്ക് യുവജനങ്ങളുടെ കലാ-സാംസ്‌കാരിക കായിക പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന പ്രധാന വേദിയാണ്. എന്നാല്‍ ഇത്തരം മത്സരങ്ങളില്‍ മികവ് തെളിയിക്കുന്ന യുവാക്കള്‍ക്ക് അവരുടെ നേട്ടത്തിന് അനുസൃതമായ അക്കാദമിക ആനുകൂല്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.

സ്‌കൂള്‍ കലോത്സവങ്ങളിലും സര്‍വകലാശാലാ യുവജനോത്സവങ്ങളിലും മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന മാതൃകയില്‍ കേരളോത്സവ വിജയികള്‍ക്കും ആനുകൂല്യം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം.

കേരളോത്സവത്തില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍, കോളേജ് പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കണം. കൂടാതെ, പി.എസ്.സി. ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളില്‍ കേരളോത്സവ വിജയികള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കണം.

ഇത്തരമൊരു തീരുമാനം കേരളോത്സവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ യുവജനങ്ങളെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും കലാ-കായിക പ്രതിഭകളെ അംഗീകരിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും. യുവജനങ്ങളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന കേരളോത്സവത്തിന്റെ ലക്ഷ്യവും ഇതിലൂടെ കൂടുതല്‍ ഫലപ്രദമാകും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. സംഘാടക സമിതി യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീനാ മുജീബ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹ്റുന്നിസ ഹമീദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കമാല്‍, സൂപ്രണ്ട് നാരായണ നായക്, റവന്യൂ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, യൂത്ത് കോഡിനേറ്റര്‍ ജസീല്‍ തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ്ബ് ഭാരവാഹികള്‍ സംബന്ധിച്ചു.