Advertisement

കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ തട്ടിപ്പ്: നിര്‍ണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെ; കിന്‍ഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിച്ചു

By kcnchannel / October 17, 2026

കിഫ്ബി പദ്ധതികളില്‍ മന്ത്രിസഭ പോലുമറിയാതെ വന്‍ ഭൂമി ഏറ്റെടുക്കല്‍ നടന്നതിന്റെ രേഖകള്‍ പുറത്തുവന്നു. കിന്‍ഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലും പാലക്കാട്ടും കോടികളുടെ ഭൂമിയാണ് ഏറ്റെടുത്തത്. മസാല ബോണ്ട് ഇറക്കിയതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നുവെന്നും വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ദിനംപ്രതിയെന്നോണം പുറത്തുവരുന്നു. കിഫ്ബി പദ്ധതികളില്‍ നിര്‍ണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കണ്ണൂരിലും പാലക്കാട്ടും പന്ത്രണ്ടായിരം കോടി രൂപയ്ക്ക് ഭൂമി ഏറ്റെടുത്തത് കിന്‍ഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തായത്. നോട്ടും അനുമതി കത്തും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മസാല ബോണ്ട് ഇറക്കിയ ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും എതിര്‍പ്പ് മറി കടന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ആരോഗ്യ-വ്യവസായ മേഖലകളുടെ വികസനത്തിനെന്ന പേരിലാണ് കിന്‍ഫ്രക്കായി കണ്ണൂരിലും പാലക്കാടും 12,710 കോടി രൂപ ഭൂമി ഏറ്റെടുക്കാന്‍ അനുവദിച്ചത്. കിന്‍ഫ്ര സമര്‍പ്പിച്ച കണ്‍സെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യമായ ചര്‍ച്ചകളില്ലാതെ കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നു. ബോര്‍ഡ് യോഗത്തിലെ മിനിറ്റ്‌സിന്റെ പകര്‍പ്പുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കണ്ണൂരിലെ പട്ടാന്നൂര്‍, കോളാരി വില്ലേജുകളിലുള്‍പ്പെടുന്ന പണയത്താംപറമ്പ് മേഖലയില്‍ 1,000 ഏക്കറും പാലക്കാട് ഓലപ്പതി, കന്നമ്പ്ര എന്നിവിടങ്ങളിലായി 560 ഏക്കറുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. എന്നാല്‍ കണ്ണൂരില്‍ വന്‍ തുക മുടക്കി ഏറ്റെടുത്ത ഭൂമിയില്‍ ഇതുവരെയും യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.

പട്ടാന്നൂര്‍, കോളാരി വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ വന്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വ്യക്തമായ നിയമപരമായ രേഖകളൊന്നുമില്ലാതെ ഭൂമിക്ക് വന്‍ തുക നഷ്ടപരിഹാരമായി അനുവദിച്ചെന്നാണ് കണ്ടെത്തല്‍. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിന് മട്ടന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

‘കിഫ്ബിയുടെ 30000 കോടി വി ഡി സതീശന്‍ ലക്ഷ്യമിടുന്നു’; കിഫ്ബി നിര്‍ത്തലാക്കുന്നത് ആഘാതമെന്ന് തോമസ് ഐസക്
ഉയര്‍ന്ന പലിശ നിരക്കില്‍ മസാല ബോണ്ട് ഇറക്കുന്നതിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ ഉന്നത ഉദ്യോഗസ്ഥരുടെ വിമര്‍ശനങ്ങള്‍ തികച്ചും അവഗണിച്ച് മസാല ബോണ്ടിന് അംഗീകാരം നല്‍കുകയായിരുന്നു. കിഫ്ബി ബോര്‍ഡ് യോഗങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ യാതൊരുവിധ മുന്‍ഗണനാ പരിശോധനയോ ചര്‍ച്ചയോ ഇല്ലാതെയാണ് പാസാക്കിയെടുത്തതെന്ന് പുറത്തുവന്ന മിനിറ്റ്‌സ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുകളിലുള്ള സ്വതന്ത്ര പരമാധികാരിയായി കിഫ്ബി മാറിയെന്ന യുഡിഎഫിന്റെയടക്കം ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഔദ്യോഗിക രേഖകള്‍