Advertisement

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

By kcnchannel / October 17, 2026

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ശക്തമായ നടപടിയാണ് എടുക്കുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല. മൂന്നു കുരുന്നു ജീവനുകള്‍ നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസില്‍ യാതൊരു ആശങ്കയും വേണ്ട. ശക്തമായ നടപടി ഉണ്ടാകും. മരണപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിന്റെ മേല്‍നോട്ട നടപടികള്‍ക്കായി നിശാന്തിനി ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയാണ്. സര്‍ക്കാര്‍ വളരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

സുഹൈല്‍ സജീവിന് വേണ്ടി ഇടപെട്ടന്ന വാര്‍ത്തയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാതി; കേസെടുത്ത് പൊലീസ്
ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത പൊലീസ് നടപടിയിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി കിട്ടിയാല്‍ പൊലീസ് കേസെടുക്കും. വാര്‍ത്ത നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. എല്ലാ ദിവസം ഓരോരുത്തരെപ്പറ്റിയാണ് പറയുന്നത്. പ്രതി സുഹൈല്‍ തന്റെ മണ്ഡലത്തില്‍പെട്ട ആളാണെന്നാണ് പറഞ്ഞത്. അത് ശരിയാണോ? ഒരു സംഭവമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങളുടെ പേരില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും മറ്റു സാഹചര്യങ്ങള്‍ പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.