Advertisement

ശിവസൂര്യയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

By kcnchannel / October 17, 2026

കണ്ണൂര്‍: ചൊക്ലിയിലെ 17കാരന്‍ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂര്‍ യൂണിറ്റിലെ ഡിവൈഎസ്പി കെ.സനില്‍കുമാറിനാണ് അന്വേഷണ ചുമതല.
ചൊക്ലി പൊലീസും എസ്‌ഐടിയും ചേര്‍ന്ന് അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്ലസ് ടൂ വിദ്യാര്‍ഥിയായ ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം ആയി.

ആഗസ്റ്റ് എട്ടിനാണ് മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തില്‍ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തില്‍ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്.കാണാതായി മാസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പെരിങ്ങത്തൂര്‍, പാനൂര്‍, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് മുന്‍പ് അന്വേഷണം നടത്തിയിരുന്നു. വാരണാസിയിലും രാമേശ്വരത്തും പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ കണ്ടത്.