‘ഒരു വര്‍ഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തിയിലും ഇടപെടാന്‍ പാടില്ല’, അഭിജീത് ദീപ്‌കെയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, വിട്ടയച്ചു
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘തിരംഗ യാത്ര’യില്‍ പങ്കെടുക്കാനിറങ്ങവെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. കോടതിയില്‍ ഹാജരാക്കിയ ദീപ്‌കെയെ കര്‍ശന ഉപാധികളോടെയാണ് ദില്ലി പൊലീസ് വിട്ടയച്ചത്. ഒരു വര്‍ഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തിയിലും ഇടപെടാന്‍ പാടില്ലെന്നുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് ദീപ്‌കെയ്ക്ക് ജാമ്യം ലഭിച്ചത്. കൊണാട്ട് പ്ലേസ് സെന്‍ട്രല്‍ പാര്‍ക്കിലെ പ്രതിഷേധത്തിനിറങ്ങിയ ദീപ്‌കെയെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കാട്ടി പൊലീസ് ദീപ്‌കെയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ പത്തിന് ജന്തര്‍ മന്തര്‍ മാര്‍ച്ചിനായി ദില്ലിയിലെത്തിയ ദീപ്‌കെയും ഒപ്പമുണ്ടായിരുന്ന സി ജെ പി നേതാക്കളായ സൗരവ് ദാസിനെയും അഷുതോഷ് റാങ്കയെയും വിമാനത്തില്‍ വച്ച് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ശന ഉപാധികളോടെയാണ് അന്ന് കോടതി ദീപ്‌കെ അടക്കമുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍. അതേസമയം ഇന്നലെ ദീപ്‌കെയ്‌ക്കൊപ്പം കസ്റ്റഡിയിലായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) പ്രസിഡന്റ് നേഹാ ബോറയെ ഇന്ന് രാവിലെ വിട്ടയച്ചിരുന്നു.
പ്രതിഷേധം ആളിക്കത്തിയ ‘തിരംഗ യാത്ര’
അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാല്‍ രാജ്യതലസ്ഥാനം ഇന്നലെയും സമര-സംഘര്‍ഷ ഭൂമിയായി. കോക്ക്‌റോച്ച് ജനത പാര്‍ട്ടി (സി ജെ പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യും ഇതിനൊപ്പം തന്നെ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും ഒഴികിയെത്തിയതോടെ ദില്ലി സംഘര്‍ഷഭരിതമായി. ദീപ്‌കെയും നേഹയും കസ്റ്റഡിയിലായെങ്കിലും പൊലീസ് വിലക്ക് ലംഘിച്ച് കൊണാട്ട് പ്ലേസിലും സെന്‍ട്രല്‍ പാര്‍ക്കിലും മിന്നല്‍ പ്രതിഷേധങ്ങളുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന സെന്‍ട്രല്‍ പാര്‍ക്കിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടയുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി ജെ പിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടിയും ഇടത് സംഘടനകളും അണിനിരന്നതോടെ റോഡില്‍ നൂറുകണക്കിന് ആളുകള്‍ ദേശീയ പതാകയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമിച്ചതാണ് ഒടുവില്‍ വന്‍ സംഘര്‍ഷത്തിന് വഴിതുറന്നത്. തടസ്സങ്ങളും കസ്റ്റഡി നടപടികളും മറികടന്ന് വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നഗരമധ്യത്തില്‍ അരങ്ങേറിയത്.
