Advertisement

ഓപ്പറേഷന്‍ തൂഫാന്‍: നിരവധി ലഹരിക്കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റില്‍

By kcnchannel / October 19, 2026

കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞങ്ങാട് കുറുന്തൂര്‍ സ്വദേശി പി.എം. അബ്ദുള്‍ സഫ്വാനെയാണ് (31) ‘ഓപ്പറേഷന്‍ തൂഫാന്‍’ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ഹോസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലായി എട്ടോളം മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മയക്കുമരുന്ന് കടത്ത്, വില്‍പന, ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്ന അബ്ദുള്‍ സഫ്വാനെതിരെ 2024-ല്‍ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ, കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കാറില്‍ കടത്തുകയായിരുന്ന 12.75 ഗ്രാം മയക്കുമരുന്നുമായി കൂട്ടാളിയോടൊപ്പം പടന്നക്കാട് വെച്ച് ഹോസ്ദുര്‍ഗ് പോലീസ് വീണ്ടും പിടികൂടി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ നടപടിയുണ്ടായത്.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.വി. പ്രേമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. ശ്രീജേഷ്, വി.ആര്‍. സനോജ്, സിവില്‍ പോലീസ് ഓഫീസര്‍ പി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.