Advertisement

എസ്.ജെ.എം. സെന്റിനറി മുഅല്ലിം ഭവന പദ്ധതി: കാസര്‍ഗോഡ് ജില്ലയിലെ ആദ്യ വീട് കൈമാറി

By kcnchannel / October 19, 2026

കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്.ജെ.എം.) സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്രസ അധ്യാപകര്‍ക്കായി നടപ്പിലാക്കുന്ന ‘സെന്റിനറി മുഅല്ലിം ഭവന പദ്ധതി’യിലൂടെ കാസര്‍ഗോഡ് ജില്ലയില്‍ പൂര്‍ത്തിയായ ആദ്യ വീടിന്റെ സമര്‍പ്പണം നടന്നു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ്. അബ്ദുല്ലക്കുഞ്ഞ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി വി.വി. അബൂബക്കര്‍ സഖാഫി ഭവനത്തിന്റെ താക്കോല്‍ കൈമാറി. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.
സംസ്ഥാന വ്യാപകമായി മദ്രസ അധ്യാപകര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി, ഇതുവരെ സംസ്ഥാനത്ത് 49-ാമത്തെ വീടിന്റെ സമര്‍പ്പണമാണ് ചെട്ടുംകുഴിയില്‍ നടന്നത്. ജില്ലയില്‍ അനുവദിച്ച മറ്റ് 5 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവയും മുഅല്ലിം കുടുംബങ്ങള്‍ക്ക് തുറന്നുകൊടുക്കും. 7 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. സംസ്ഥാന, ജില്ലാ വെല്‍ഫെയര്‍ ഫണ്ടുകളില്‍ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചിട്ടുള്ളത്.
ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സോണ്‍ പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ജില്ലാ സെക്രട്ടറി പി.ബി. ബഷീര്‍ പുളിക്കൂര്‍, സെന്റിനറി ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, എസ്.ജെ.എം. ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ക്യാബിനറ്റ് അംഗം ഇല്യാസ് കൊറ്റുമ്പ, എസ്.എം.എ. ജനറല്‍ സെക്രട്ടറി ബഷീര്‍ മങ്കയം, ഫിനാന്‍സ് സെക്രട്ടറി ഇത്തിഹാദ് മുഹമ്മദ് ഹാജി, എസ്.വൈ.എസ്. സോണ്‍ പ്രസിഡന്റ് ശാഫി സഖാഫി എണിയാടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.