അബുദാബി കാസര്‍കോട് കൂട്ടായ്മയുടെ ‘അമ്മയോടൊപ്പം’ സീസണ്‍-4 പരിപാടിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി
അബുദാബി: ‘സ്‌നേഹത്തിലൂടെ സേവനം, സേവനത്തിലൂടെ ഐക്യം’ എന്ന പ്രമേയമുയര്‍ത്തി പ്രവാസലോകത്തും നാട്ടിലും സജീവമായി പ്രവര്‍ത്തിക്കുന്ന അബുദാബി കാസര്‍കോട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘അമ്മയോടൊപ്പം’ സീസണ്‍-4 പരിപാടിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി.
വീടില്ലാത്തവര്‍ക്ക് അത്താണി, രോഗികള്‍ക്ക് ചികിത്സാ സഹായം, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, റമളാനിലും ഓണത്തിനും സൗജന്യ അവശ്യസാധനങ്ങളുടെ കിറ്റുകള്‍, വിധവകള്‍ക്ക് തയ്യല്‍ മെഷീന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജനമൈത്രി പോലീസിനും വാട്ടര്‍ കൂളറുകള്‍, അംഗവൈകല്യമുള്ളവര്‍ക്ക് ഓട്ടോരീക്ഷ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തുടങ്ങി ഒട്ടനവധി ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ സംഘടനയാണ് അബുദാബി കാസര്‍കോട് കൂട്ടായ്മ.
എഡിറ്റോറിയല്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവുമായി അബുദാബിയിലെത്തിയ അമ്മമാരെ വരവേല്‍ക്കാന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ചടങ്ങില്‍ സംബന്ധിച്ച അമ്മമാര്‍ക്ക് കൂട്ടായ്മയുടെ വകയായി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
പ്രമുഖ വ്യവസായിയും അബുദാബി കാസര്‍കോട് കൂട്ടായ്മ ചെയര്‍മാനുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന്റെ ഉടമസ്ഥതയിലുള്ള സേഫ് ലൈന്‍ ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.
അബുദാബി കാസര്‍കോട് കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി സ്വാഗതം ആശംസിച്ച ചടങ്ങില്‍, കാസര്‍കോട് കൂട്ടായ്മ വൈസ് ചെയര്‍മാന്‍മാരായ ലത്തീഫ് സി.എ., ഖാദര്‍ ബേക്കല്‍, ഹസീബ് ആതിഞ്ചാല്‍, കൂട്ടായ്മ ബി ഓ ഡി ഷഫീഖ് മുക്കൂട്, സഹീര്‍ ഫാനാര്‍,
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ രാഘവന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള സാഹിബ്, കെ.എം.സി.സി നേതാക്കളായ അനീസ് മാങ്ങാട് അസീസ് പെര്‍മുദെ, ഇബ്രാഹിം പെര്‍ള, അബ്ദുല്ല ഒട്ടത്തായി, ബദറുദ്ദീന്‍ ബെളിഞ്ച, മദീന സായിദ് മാള്‍ ജനറല്‍ മാനേജര്‍ ഗഫൂര്‍ ബീരാന്‍, സലിം ഇന്‍കാസ്, അഷ്റഫ് ലുലു പി ആര്‍ ഓ
തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
കൂടാതെ നഹീമ, ഡോ.ജസീന ഉള്‍പ്പെടെയുള്ള പ്രമുഖ വനിതാ നേതാക്കളുടെയും നൂറുകണക്കിന് പ്രവര്‍ത്തകരുടെയും സാന്നിധ്യം ചടങ്ങിന് കൂടുതല്‍ മികവേകി.
അമ്മമാരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകാശപൂര്‍ണ്ണമായ ഐക്യത്തെ വിളിച്ചോതുന്നതായിരുന്നു സ്വീകരണച്ചടങ്ങ്.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടകര്‍ക്കും പ്രവര്‍ത്തകര്‍ക്കും അബുദാബി കാസര്‍കോട് കൂട്ടായ്മ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
