പ്രൊഫ. വി ഗോപിനാഥന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും ഒക്ടോബര്‍ 22 ന്
കാസര്‍കോട്: പ്രശസ്ത ഭൗമശാസ്ത്ര പ്രതിഭയും പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉപ ഡയറക്ടര്‍ പ്രൊഫ വി ഗോപിനാഥന്റെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും പുരസ്‌ക്കാര ദാനവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 22 ന് രാവിലെ 10 ന് കാസര്‍കോട് ഗവ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ട്രാവല്‍ ക്ലബ്ബ് ചെയര്‍മാന്‍ ജി ബി വത്സന്‍ അധ്യക്ഷനായിരിക്കും.
പ്രൊഫ വി ഗോപിനാഥന്‍ സ്മാരക പുരസ്‌ക്കാരം ഡോ. തമ്പാന്‍ മേലത്തിന് ചടങ്ങില്‍ പ്രമുഖ ഭൗമ ശാസ്ത്രകാരനും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പി വി സുകുമാരന്‍ സമ്മാനിക്കും. കാസര്‍കോട് ഗവ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി എസ് അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.
ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരമെന്നും ഭൗമ ശാസ്ത്ര ഗവേഷണ രംഗത്തെ അതുല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ. തമ്പാന്‍ മേലത്തിന് പ്രൊ. വി ഗോപിനാഥന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് സമ്മാനിക്കുവാന്‍ തീരുമാനിച്ചതെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് മുളേളരിയ സ്വദേശിയാണ് ഡോ. തമ്പാന്‍ മേലത്ത്. കാസര്‍കോട് ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ഡോ. തമ്പാന്‍ നിലവില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണല്‍ സെണ്ടര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ആണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ സമുദ്രങ്ങളിലെയും ധൃവ പ്രദേശങ്ങളിലെയും ഹിമാനികളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണമാണ് ഡോ. തമ്പാന്‍ മേലത്തിന്റെ പ്രധാന ദൗത്യം. ഇതിനകം നിരവധി ഗവേഷണ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തയ്യാറാക്കായിട്ടുണ്ട്.
ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഹിമാലയത്തിലും ദക്ഷിണ സമുദ്രത്തിലും നിരവധി ശാസ്ത്ര പര്യവേഷണങ്ങളില്‍ ഡോ. തമ്പാന്‍ മേലത്ത് പങ്കെടുത്തിട്ടുണ്ട്. നിരവധി ദേശീയ – അന്തര്‍ ദേശീയ സെമിനാറുകളില്‍ അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ദേശീയ – അന്തര്‍ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ അദ്ദേഹം ഫെലോ ആണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രശസ്തമായ നാഷണല്‍ ജിയോ സയന്‍സ് അവാര്‍ഡ് 2013 ല്‍ ലഭിച്ചത് ഡോ. തമ്പാന്‍ മേലത്തിനാണ്. ഇതിന് പുറമെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തവും എന്ന വിഷയത്തില്‍ ഡോ. തമ്പാന്‍, ചടങ്ങില്‍ പ്രൊഫ. വി ഗോപിനാഥന്‍ മെമ്മോറിയല്‍ ലക്ച്ചര്‍ നടത്തും. കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍ പ്രൊഫ. ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ: വി ഗോപിനാഥ് സ്മരണിക പ്രകാശനം കെ എസ് സി എസ് ടി ഇ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് ഡോ. കെ കെ രാമചന്ദ്രന്‍ നിര്‍വഹിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കും.
കാസര്‍കോട് ട്രാവല്‍ ക്ലബ്, കാസര്‍കോട് ഗവ. കോളേജിലെ ജിയോളജി അലൂമിനി അസോസിയേഷന്‍, കാസര്‍കോട് പിപ്പിള്‍സ് ഫോറം, വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ സംഘാടക സ്മിതി ഭാരവാഹികളായ ജി.ബി വല്‍സന്‍, സണ്ണി ജോസഫ്,
ഡോ.എ.എന്‍ മനോഹരന്‍,
ഡോ.എ.എല്‍ അനന്തപത്മനാഭ, എം.പത്മാക്ഷന്‍ രാധാകൃഷ്ണന്‍ കാമലം എന്നിവര്‍ പങ്കെടുത്തു.
