Advertisement

മഞ്ചേശ്വരം ഹൊസംങ്കടിയില്‍ ബസ് കാത്തുനില്‍ക്കുന്നത് പൊരിവെയിലത്ത്. ഇരിപ്പിടം ഒരുക്കിയെങ്കിലും മേല്‍ക്കൂരയില്ല.

By kcnchannel / October 19, 2026

മഞ്ചേശ്വരം. മാസങ്ങളോളം മഴ നനഞ്ഞു,ഇനി കഠിനമായ ചൂടുമേല്‍ക്കണം. മഞ്ചേശ്വരം ഹൊസംങ്കടിയിലെ പടിഞ്ഞാര്‍ ഭാഗത്തുള്ള ബസ് യാത്രക്കാര്‍ക്കാ ണ് ഈ ദുരിതം. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ നിര്‍മ്മാണ കമ്പനി അതികൃതര്‍ ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചതുമില്ല.

തലപ്പാടി-മംഗളൂരു ഭാഗത്തേക്ക് പോകുന്നവര്‍ക്കാണ് ബസ് കാത്തിരിപ്പ് ഷെല്‍ട്ടര്‍ ഇല്ലാത്തത് ദുരിതമാകുന്നത്. കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകളും, പ്രായമായവരും പൊരി വെയിലത്ത് തന്നെ നില്‍ക്കണം.ഇതില്‍ ആശുപത്രി ചികിത്സയ്ക്കായി പോകുന്നവരുമുണ്ട്. പൊരി വെയിലത്ത് ഇവര്‍ക്ക് ദേഹാസ്വസ്തവും അനുഭവപ്പെടാറുണ്ട്. യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് നീളത്തില്‍ ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും മേല്‍ക്കൂര ഒരുക്കാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നത്.

കാലവര്‍ഷം മാറി തുലാവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ചൂടിന്റെ കാഠിന്യം അസഹനീയമാണ്. ഇവിടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അഭാവം യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത്. മഞ്ചേശ്വരത്തെ വളരെ തിരക്കേറിയ ടൗണുകളിലൊന്നാണ് ഹൊസംങ്കടി.ഇവിടെ പടിഞ്ഞാര്‍ ഭാഗത്താണ് ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നാട്ടുകാരും,സര്‍ക്കാര്‍ ജീവനക്കാരുമൊക്കെ ബസ് കാത്തു നില്‍ക്കുന്നതും ഇവിടെയാണ്. വിശാലമായതും, സൗകര്യമുള്ളതുമായ ബസ് ഷെല്‍ട്ടര്‍ ഹൊസംങ്കടിയില്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം ഇവിടെ കാസര്‍ഗോഡ് -ഉപ്പള-കുമ്പള ഭാഗങ്ങളിലേക്ക് പോകുന്ന ബസ് യാത്രക്കാര്‍ക്ക് ദേശീയപാത നിര്‍മ്മാണ കമ്പനി ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുമു ണ്ട്.

ഫോട്ടോ:ഹൊസംങ്കടി പടിഞ്ഞാര്‍ ഭാഗത്ത് പൊരി വെയിലത്ത് ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍.